പാലോട്: ഇക്കുറി ഓണവിപണി കീഴടക്കാനൊരുങ്ങി പാലോട്ടെ ജൈവ പച്ചക്കറികൾ. നന്ദിയോട്, ആനാട്, പെരിങ്ങമ്മല, പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷി ചെയ്തത്. സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും കൃഷിക്കായി സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവാണ് കർഷകർ പ്രതീക്ഷിക്കുന്നത്. കൂടാതെ കേരളാ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ നൂതന കൃഷിരീതിയായ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയിൽ പച്ചക്കറി കൃഷി നടത്തി വൻ വിജയം നേടിയ മാതൃകാകർഷകൻ ശ്രീജിത്ത് പവ്വത്തുരും കൃഷിയിലൂടെ പുത്തൻ ആശയങ്ങൾ നൽകി കർഷകർക്ക് എങ്ങനെ ജീവിതം കെട്ടിപ്പെടുക്കാം എന്നതിന്റെ ഉത്തമ മാതൃകയാവുകയാണ്. പവ്വത്തൂർ ശ്രീജിത്ത്, തോട്ടുംപുറം ബാലകൃഷ്ണൻ, ഗീത ആനകുളം, ഫ്രാൻസിസ്, ഏലിശ, റോബർട്ട്, ടി. സുരേന്ദ്രൻ, പ്രഭാകരൻ ചൂടൽ, കെ. ചന്ദ്രൻ ആനക്കുഴി തുടങ്ങി നൂറോളം കർഷകർ ഇതിനായി ചുക്കാൻ പിടിക്കുന്നു.
നന്ദിയോടെന്ന ജൈവകൃഷി ഗ്രാമം
വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ട് ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. കൂടാതെ പെരിങ്ങമ്മല, ആനാട് നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ കൃഷിരീതി എടുത്തുപറയേണ്ടതാണ്. വനസമ്പത്തും സസ്യസമൃദ്ധിയും വാമനപുരം നദിയുടെ ജലസമൃദ്ധിയുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനെയും കൃഷിയെയും പുഷ്ടിപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കുവഹിക്കുന്നത്. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സർവ്വരും കൃഷിയിൽ പുതുചരിത്രം കുറിക്കുകയാണ്.
പച്ചക്കറികൾക്ക്
പൊതു വിപണിയെക്കാൾ 30 ശതമാനം വരെ വിലക്കുറവ്
**** പൂക്കളമൊരുക്കാൻ പത്തിനം പൂക്കൾ
ഓണത്തിന് പൂക്കളമൊരുക്കാൻ സൂര്യകാന്തി,ജമന്തി (രണ്ട് ഇനം),ചെണ്ടുമല്ലി വെള്ള,ചേന്തി,വാടാ മുല്ല,തുമ്പ,കാക്കപൂവ്,മുല്ല, തെറ്റി തുടങ്ങിയ പത്തിനം പൂക്കളാണ് നന്ദിയോടെ കർഷകർ നട്ടുവളർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |