തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കുരുന്നുകൾ. മഞ്ഞനിറമുള്ള മുയൽക്കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരൻ അർണവും പിറന്നാളാഘോഷിക്കാൻ സൂക്ഷിച്ചുവെച്ച കാൽ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് കളക്ടറെ കാണാനെത്തിയത്. കുട്ടികൾ നൽകിയ പണക്കുടുക്കയും ചെക്കും കളക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവർക്കും മാതൃകയാണെന്ന് കളക്ടർ പറഞ്ഞു.
അർണവ് തനിക്ക് കളിപ്പാട്ടങ്ങൾ വാങ്ങാനായി രണ്ടുവർഷമായി കുടുക്കയിൽ സൂക്ഷിച്ച 1,103 രൂപയാണ് നൽകിയത്. ദുബായ് ജെംസ് ഔർ ഓൺ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ദുബായിയിൽ ജോലിചെയ്യുന്ന പൂത്തോൾ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ്. അർണവ് മുത്തച്ഛൻ പ്രൊഫ.ഡോ.ഇ.യു.രാജനോടൊപ്പമാണ് തുക കൈമാറാനായെത്തിയത്. അബുദാബി ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദിയ സി.ദീപക് വെക്കേഷൻ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24 ന് പിറന്നാൾ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് നൽകിയത്. അബുദാബിയിൽ ജോലി ചെയ്യുന്ന കൂർക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണ് എത്തിയത്. ജില്ലയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,47,848 രൂപ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |