അബുദാബി: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 33 കോടി രൂപയുടെ സമ്മാനം ഇന്ത്യൻ പ്രവാസിക്ക്. അബുദാബിയിൽ താമസക്കാരനായ പ്രവാസി തുഷാർ ദേശ്കറിനെയാണ് പ്രതീക്ഷിക്കാത്ത നേരത്ത് സൗഭാഗ്യം തേടിയെത്തിയത്. ജ്യോതിഷ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന തുഷാർ സംഖ്യാ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിഗ് ടിക്കറ്റ് എടുത്തത്. തന്റെ ഭാഗ്യ നമ്പർ മൂന്നാണെന്ന് മനസിലാക്കിയ തുഷാർ ആ നമ്പർ ഉൾപ്പെടുത്തിയാണ് ഓരോ തവണയും ടിക്കറ്റ് വാങ്ങിയിരുന്നത്. ഇത്തവണ അങ്ങനെ തുഷാറിനെ തേടി സൗഭാഗ്യം എത്തുകയായിരുന്നു.
തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് തുഷാർ ടിക്കറ്റെടുത്തത്. 2019ൽ അബുദാബിയിൽ എത്തിയ തുഷാർ കഴിഞ്ഞ് മൂന്ന് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ടെക്നിക്കൽ കൺസൽട്ടന്റായി ജോലി നോക്കുകയാണ് തുഷാർ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഞങ്ങളെ തേടി ഭാഗ്യം എത്തിയതെന്ന് തുഷാർ പറഞ്ഞു.
'ഇന്ത്യയിൽ ഒപ്പം ജോലി ചെയ്തിരുന്ന മൂന്ന് സുഹൃത്തുക്കളുമായി 2019ൽ ആണ് ഞാൻ അബുദാബിയിൽ എത്തിയത്. ഞങ്ങൾ ചേർന്ന് ഭാഗ്യം പരീക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഞങ്ങൾ ബിഗ് ടിക്കറ്റ് എടുക്കുന്നു. ഇത്തവണ ഞങ്ങളെ തേടി ആ ഭാഗ്യം വന്നെത്തി'- തുഷാർ പറഞ്ഞു.
രണ്ട് എണ്ണം വാങ്ങിയാൽ ഒന്ന് സൗജന്യമായി ലഭിക്കുന്ന സമയത്താണ് തുഷാർ ടിക്കറ്റ് എടുത്തത്. 334240 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തന്റെ ടിക്കറ്റുകളുടെ ഭാഗ്യ സംഖ്യകളും അക്ക പാറ്റേണുകളും തീരുമാനിക്കാൻ സംഖ്യാശാസ്ത്രവും ജ്യോതിഷവും പിന്തുടരുന്നുണ്ടെന്ന് തുഷാർ വെളിപ്പെടുത്തി.
'സംഖ്യാശാസ്ത്രത്തെയും ജ്യോതിഷത്തെയും അടിസ്ഥാനമാക്കി ഞാൻ കുറച്ച് സംഖ്യകൾ തിരഞ്ഞെടുത്തു. ഇപ്പോൾ ഭാഗ്യം തുണച്ചത് അതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തിൽ എനിക്ക് ഭാഗ്യം നൽകുന്ന സംഖ്യയുണ്ട്. എനിക്ക് വേണ്ട കുറച്ച് സംഖ്യകൾ എടുക്കാൻ ഞാൻ ന്യൂമറോളജിയുടെ സഹായവും തേടി. എന്റെ ഭാഗ്യ നമ്പർ മൂന്നായിരുന്നു'- തുഷാർ പറഞ്ഞു.
'കഴിഞ്ഞ തവണ ഈ രീതി പിന്തുടർന്നെങ്കിലും ഭാഗ്യം തേടിയെത്തിയില്ല. എന്നാൽ ഇത്തവണ അത് സംഭവിച്ചു. ചിലപ്പോൾ ഇതൊക്കെ യാദൃശ്ചികമായിരിക്കാം. ചിലപ്പോൾ എല്ലാം ദൈവത്തിന്റെ കളിയായിരിക്കാം. തനിക്ക് കുറച്ച് കടങ്ങളുണ്ട്. അത് വീട്ടാൻ ഈ തുക ഉപയോഗിക്കും. തന്റെ കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കണം. ഇതൊക്കെയാണ് തന്റെ ആഗ്രഹം'- തുഷാർ പറഞ്ഞു. ഒരു തവണ ഭാഗ്യം തേടിയെത്തിയെങ്കിലും ബിഗ് ടിക്കറ്റെടുക്കുന്നത് തുടരുമെന്നും തുഷാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |