കൊല്ലം: ജീവിതശൈലി രോഗങ്ങളെ വരുതിയിലാക്കാനുള്ള ഹോമിയോപ്പതി വകുപ്പിന്റെ 'ആയുഷ്മാൻഭവ' പദ്ധതിക്ക് പ്രചാരമേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പദ്ധതിയിലൂടെ ചികിത്സ തേടിയത് 4,279 പേരാണ്.
യോഗ, നാച്ചുറോപ്പതി എന്നിവയുടെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയാണിത്. ജീവിതശൈലി രോഗങ്ങൾക്ക് വൻ തുക ചെലവഴിക്കേണ്ടി വരുമ്പോൾ പദ്ധതിയിൽ വെറും അഞ്ച് രൂപ മാത്രമാണ് ചെലവ്. 2015ലാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള ചികിത്സയാണ് നൽകുന്നത്.
ഓരോ മാസവും 300ൽ അധികം പേരാണ് ചികിത്സ തേടുന്നത്. ഭൂരിഭാഗവും സ്ത്രീകളാണ്. ആദ്യകാലങ്ങളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽപേർ ചികിത്സയ്‌ക്കെത്തുന്നുണ്ട്.
നാച്ചുറോപ്പതി വിഭാഗം ഡോക്ടർ, മെഡിക്കൽ ഓഫീസർ, യോഗ ട്രെയ്‌നർ എന്നിവരാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ആശുപത്രിയിലെ ചികിത്സയ്ക്ക് പുറമേ സ്‌കൂളുകളിലും മറ്റിടങ്ങളിലും നടത്തുന്ന ക്യാമ്പുകളിലൂടെയും രോഗമുള്ളവരെ കണ്ടെത്തി തുടർചികിത്സയ്ക്ക് നിർദ്ദേശിക്കും.
ഏത് പ്രായക്കാർക്കും ചികിത്സ
തെറ്റായ ജീവിത ശൈലി മാറ്റാൻ നാച്ചുറോപ്പതി ഡോക്ടർമാർ ഡയറ്റ് നിർദ്ദേശിക്കും
വ്യായാമത്തിനും മറ്റുമായി യോഗ പരിശീലിപ്പിക്കും
അലോപ്പതി ചികിത്സ നടത്തുന്നവർക്കും ചികിത്സ തേടാം
പ്രായപരിധിയില്ല
രോഗങ്ങൾക്ക് കാരണം
സംസ്‌കരിക്കാത്ത മാലിന്യം, കീടനാശിനി, മാനസിക പിരിമുറുക്കം, ജങ്ക് ഫുഡ്, വ്യായാമം ഇല്ലായ്മ
രക്താതിമർദ്ദം, ഹൃദയാഘാതം, കരൾ രോഗം, കാൻസർ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്
ഒ.പി സമയം
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
2023-24 സാമ്പത്തിക വർഷം
ആകെ ചികിത്സ തേടിയവർ-4279
സ്ത്രീകൾ-2916
പുരുഷന്മാർ-1363
നേരത്തെ 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് എത്തിയിരുന്നത്. ഇപ്പോൾ 30 വയസിന് മുകളിലുള്ളവരും ചികിത്സ തേടുന്നുണ്ട്.
ഡോ. ആശാറാണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |