ന്യൂഡൽഹി:പാകിസ്ഥാനെ പുകഴ്‌ത്തി വീട്ടിനുള്ളിൽ പോസ്‌റ്റർ പതിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. പാകിസ്ഥാനെ സ്‌തുതിച്ചുകൊണ്ടുള്ള ഒരു പോസ്‌റ്റർ ഇയാളുടെ വീട്ടിൽ പതിച്ചതായി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ ചർച്ചാവിഷയമായി. തുടർന്ന് പൊലീസിൽ പരാതി ലഭിച്ചു.
രോഹിണിയിൽ അവന്തിക സി സെക്‌ടറിൽ ഒരിടത്തെ ഫ്ളാറ്റിൽ പാകിസ്ഥാനെ പ്രകീർത്തിച്ചുള്ള വാക്കുകൾ എഴുതിയിരിക്കുന്നതായി പ്രദേശവാസികളിൽ നിന്ന് പരാതി ലഭിച്ചു.സംഭവം പൊലീസ് സ്ഥിരീകരിച്ചു. വീട്ടിലെ താമസക്കാരൻ മാനസികമായി നല്ലനിലയിൽ അല്ലെന്നും ഫ്ളാറ്റിൽ തനിയെയാണ് താമസമെന്നും പൊലീസ് അറിയിച്ചു.
ഇയാൾക്ക് പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ഇയാളുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്‌തു. അതേസമയം വിവാദമായ പോസ്റ്ററും ബാനറും പൊലീസ് ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. ഇന്ത്യ അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനം തുടരുന്ന സംഭവങ്ങൾക്കിടെയാണ് രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത്.
കാർഗിൽ വിജയ വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നൽകിയതിനു തൊട്ടുപിന്നാലെ പാക് സൈനിക കമാൻഡോകളും ഭീകരരും ചേർന്ന് വടക്കൻ കാശ്മീരിൽ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചത് ദിവസങ്ങൾ മുൻപാണ്.മേജർ ഉൾപ്പെടെ നാലു സൈനികർക്ക് പരിക്കേറ്റിരുന്നു.
കുപ്‌വാര ജില്ലയിൽ മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിലായിരുന്നു ആക്രമണം. പാക് സൈനികരും ഭീകരരും ഉൾപ്പെടുന്ന ബോർഡർ ആക്ഷൻ ടീം ( ബി. എ.ടി ) ആണ് ആക്രമണം നടത്തിയത്.
നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഇന്ത്യൻ സൈന്യം വധിച്ചു. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരർ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |