കൊച്ചി: മാന്ദ്യ ഭീഷണി ശക്തമായതോടെ ആഗോള സാമ്പത്തിക മേഖല വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ ഡോളറിനെതിരെ യെൻ ശക്തിയാർജിക്കുന്നതും ജപ്പാൻ വീണ്ടും പലിശ വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയും ലോകമൊട്ടാകെയുള്ള നിക്ഷേപകരെ മുൾമുനയിലാക്കി. ഇതോടെ ഓഹരി, കമ്പോള ഉത്പന്നങ്ങൾ എന്നിവ കനത്ത തകർച്ച നേരിട്ടു. ഇപ്പഷാഴത്തെ സാഹചര്യത്തിൽ ഓഹരി വിപണിയിലെ തകർച്ച വരും ദിവസങ്ങളിൽ രൂക്ഷമായേക്കും. അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തുമെന്നാണ് വിലയിരുത്തുന്നത്. തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തെ ഉയർന്ന തലത്തിലെത്തിയതും കമ്പനികളുടെ മോശം പ്രവർത്തന ഫലങ്ങളും മാന്ദ്യത്തിന്റെ സൂചനയാണ് നൽകുന്നത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 83.84ൽ എത്തി. അതേസമയം ജാപ്പനീസ് യെൻ, സ്വിസ് ഫ്രാങ്ക് എന്നിവയുടെ മൂല്യം ഗണ്യമായി ഉയർന്നു. ക്രൂഡോയിൽ വിലയും ഒന്നര ശതമാനം കുറഞ്ഞു. അതേസമയം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങൽ താത്പര്യം കൂടിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നു.
തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരികൾ
ആഗോള മേഖലയിലെ പ്രതികൂല വാർത്തകളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവുണ്ടായി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 2,222 പോയിന്റ് നഷ്ടത്തോടെ 78,759ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്‌റ്റി 666.11 പോയിന്റ് തകർച്ചയോടെ 24,055ൽ എത്തി. മെറ്റൽ, റിയൽറ്റി, വാഹന മേഖലകളിലെ ഓഹരികളാണ് വില്പന സമ്മർദ്ദം നേരിട്ടത്. ജപ്പാനിൽ പലിശ ഉയർന്നതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ചു. ടാറ്റ സ്‌റ്റീൽ, ജെ.എസ്.ഡബ്‌ള്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ്, ഒ.എൻ.ജി.സി തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
വിപണിയെ ഉലച്ച യെൻ ഫാക്‌ടർ
ലോകത്തെമ്പാടുമുള്ള വിപണികളിലുണ്ടായ രക്തച്ചൊരിച്ചിലിന്റെ പ്രഭവ കേന്ദ്രം ബാങ്ക് ഒഫ് ജപ്പാൻ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ച നടപടിയാണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ചെറിയ കാലയളവിലൊഴികെ ജപ്പാനിലെ പലിശ നിരക്ക് പൂജ്യം ശതമാനമായിരുന്നു. അതിനാൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ജപ്പാനിൽ നിന്നും വൻതുക വായ്പയെടുത്ത് ലോകത്തെ പ്രമുഖ വിപണികളിൽ മുതൽമുടക്കുകയാണ് പതിവ്. ഡോളറിനെതിരെ യെന്നിന്റെ മൂല്യം സ്ഥിരതയോടെ നീങ്ങിയതും നിക്ഷേപകർക്ക് ലോട്ടറിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പലിശ കൂടിയതോടെ ധനകാര്യ സ്ഥാപനങ്ങൾ നഷ്ടം ഒഴിവാക്കാൻ അമേരിക്കയിലും ഇന്ത്യയിലുമെല്ലാം ഓഹരികൾ വിറ്റഴിച്ച് പണം തിരികെ കൊണ്ടുപോയി. ഇതോടെ ഡോളറിനെതിരെ യെന്നിന്റെ മൂല്യവും കുതിച്ചുയർന്നു. ജപ്പാൻ വീണ്ടും പലിശ ഉയർത്തിയേക്കുമെന്ന ആശങ്കയും ശക്തമാണ്.
ജപ്പാനിലെ നിക്ഷേപകർ ഇന്ത്യയിൽ മുടക്കിയത്
2.1 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |