തൃശൂർ: എഴുത്തുകാരനും തൃശൂർ തെക്കെ മഠം മാനേജരുമായ വടക്കുമ്പാട് നാരായണനും മകൻ വി.എൻ. കൃഷ്ണചന്ദ്രനും ഒരേ മാസം ഡോക്ടറേറ്റ്. ജൂലായിലാണ് ഇരുവർക്കും ഡോക്ടറേറ്റ് ലഭിച്ചത്. സപ്തതിയോട് അടുക്കുമ്പോഴാണ് വടക്കുമ്പാടിന് നേട്ടം. ആധുനിക സമൂഹത്തിൽ വൈദിക സംസ്‌കാരത്തിന്റെ സ്വാധീനം ഏർക്കരയുടെ സംഭാവനയെന്ന വിഷയത്തിൽ ആന്ധ്രയിലെ ദ്രവീഡിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിലാണ് ഡോക്ടറേറ്റ്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയാണ് ഗൈഡ്.
പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് അസി. പ്രൊഫസറായ കൃഷ്ണചന്ദ്രന് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഡോ. ജെ. സുധ കുമാറായിരുന്നു ഗൈഡ്.
മൂന്ന് പതിറ്റാണ്ട് അദ്ധ്യാപകനായിരുന്ന നാരായണൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. ആളൂർ വടക്കുമ്പാട് മന നാരായണൻ മഹാകവി അക്കിത്തത്തിന്റെ ജീവചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങളെഴുതി. സാക്ഷരതാ പ്രൊജക്ട് ഓഫീസറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. വേദ പ്രചാരണത്തിനുള്ള പുരസ്‌കാരങ്ങളും നാദബ്രഹ്മ അക്കാഡമി പുരസ്‌കാരവും ലഭിച്ചു. തൃശൂരിലെ സാംസ്‌കാരിക ആദ്ധ്യാത്മിക രംഗങ്ങളിൽ സജീവമാണ്. ബ്രഹ്മസ്വം മഠത്തിന്റെ സെക്രട്ടറി, പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ചു. 'വേദധ്വനി' മാസികയുടെ സ്ഥാപക പത്രാധിപരും പ്രസാധകനുമാണ്. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥ ശാന്തയാണ് ഭാര്യ.
കൃഷ്ണചന്ദ്രൻ സിവിൽ എൻജിനിയറിംഗിൽ ബി. ടെക്കും സ്ട്രക്ചറൽ എൻജിനിയറിംഗിൽ എം ടെക്കും കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റിൽ എം.ബി.എയും നേടി. 6 കൊല്ലത്തിലധികം ഹിമാചൽ പ്രദേശിലായിരുന്നു ജോലി. കശാങ്ക് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ തുടക്കം മുതൽ കമ്മിഷൻ ചെയ്യുന്നതുവരെ പ്രവർത്തിച്ചു. തുടർന്ന് ശ്രീപതി എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപകനായി. ഭാര്യ: നമിത. മകൻ: ആനന്ദ് നാരായണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |