ന്യൂഡൽഹി: ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തി. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ആരോപണം എന്നും മാധബി ബുച്ചും ഭർത്താവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെയാണ് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശത്തെ നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് ഹിൻഡൻബർഗിന്റെ ആരോപണം പുറത്തുവന്നത്.ഇന്ത്യയുമായി ബന്ധപ്പെട്ട് വലുത് ഉടൻ വരുമെന്ന് ഇന്നലെ പുലർച്ചെ 5.34ന് എക്‌സിൽ ട്വീറ്റ് ചെയ്‌ത ഹിൻഡൻബർഗ് റിസർച്ച്,രാത്രിയോടെയാണ് സസ്‌പെൻസ് പുറത്തുവിട്ടത്. 2023 ജനുവരിയിലും അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നാണ് അന്നത്തെ റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുന്നതിനിടെയാണ് പുതിയ ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്.
അദാനിക്കെതിരെ മുൻപ് ഹിൻഡൻബർഗ് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്. ഓഹരികൾ പെരുപ്പിച്ച് കാട്ടി അദാനി വൻ ലാഭം കൊയ്തുവെന്നും, അതു വഴി കൂടുതൽ വായ്പകൾ സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ വർഷം പുറത്ത് വിട്ട റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ ആരോപണം അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് പുതിയ ആരോപണവുമായി ഹിൻഡൻബർഗ് വീണ്ടും എത്തിയത്.
യു.എസ് കമ്പനി
അമേരിക്കയിലെ നിക്ഷേപക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ് റിസർച്ച്. ധനകാര്യ വിദഗ്ദ്ധനായ നഥാൻ ആൻഡേഴ്സൺ ആണ് സ്ഥാപകൻ. കോർപറേറ്റ് തട്ടിപ്പുകളും അധികൃതരുടെ വീഴ്ചകളും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് രീതി. അദാനി ഗ്രൂപ്പ്, അമേരിക്കയിലെ ഭീമൻ വാഹന നിർമ്മാതാക്കളായ നികോല കോർപ്പറേഷൻ,അമേരിക്കയിലെ ഓൺലൈൻ വാതുവയ്‌പ് സ്ഥാപനമായ ഡ്രാഫ്റ്റ് കിംഗ്സ് തുടങ്ങിയവയ്‌ക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |