ആക്രമിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവൽ ബുച്ചും തള്ളി. ഇവരുമായി സാമ്പത്തിക പങ്കാളിത്തമില്ലെന്ന് അദാനിയും അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാരിന് താത്‌പര്യമുള്ള അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ആരോപണമുയർന്നത് ആയുധമാക്കിയ പ്രതിപക്ഷം സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് മാധബി ബുച്ചും ഭർത്താവും പ്രസ്താവനയിൽ പറഞ്ഞു. സ്വഭാവഹത്യയാണ്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ നിക്ഷേപം താൻ സെബിയിൽ വരുന്നതിന് മുൻപ് സിംഗപ്പൂരിൽ ജോലി ചെയ്‌ത സമയത്തേതാണ്. ധവലിന്റെ സുഹൃത്ത് അനിൽ അഹൂജ വഴി നടത്തിയതാണെന്നും അദാനി ഫണ്ടുമായി ബന്ധമില്ലെന്നും വിശദീകരിച്ചു.
ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഈ വ്യക്തികളുമായി ബിസിനസ് പങ്കാളിത്തമില്ല. സുപ്രീം കോടതി തള്ളിയ ആരോപണം വീണ്ടും ഉന്നയിക്കുകയാണ്.
ബെർമുഡ, മൗറീഷ്യസ് രാജ്യങ്ങളിലെ അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളിൽ സെബി മേധാവിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ. 2015ൽ ഇവർ 83കോടി രൂപ നിക്ഷേപിച്ചെന്നും 18മാസം മുൻപ് വന്ന ആദ്യ റിപ്പോർട്ടിൽ നടപടിയെടുക്കാൻ സെബി മടിച്ചത് ഇതുകൊണ്ടാണെന്നും ആരോപിക്കുന്നു.
ആക്രമിച്ച് പ്രതിപക്ഷം
അദാനി കുംഭകോണം അന്വേഷിക്കാൻ സെബി വിമുഖത കാട്ടിയത് സുപ്രിം കോടതി സമിതി ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. സംശയകരമായ 13 ഇടപാടുകൾ സെബി അന്വേഷിച്ചത് ഫലം കണ്ടില്ല. വിവാദ ഫണ്ടുകളിൽ മാധബി ബുച്ചിന് നിക്ഷേപമുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2022ൽ അവർ സെബി മേധാവിയായതിന് പിന്നാലെ ഗൗതം അദാനിയുമായി രണ്ടുതവണ കൂടിക്കാഴ്‌ച നടത്തിയതെന്തിന്. ആരോപണത്തിന്റെ വ്യാപ്‌തി പുറത്തുവരാൻ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
മാധബി ബുച്ച് സെബി മേധാവി സ്ഥാനമൊഴിയണമെന്നും മോദി ഭരണത്തിൽ സ്വതന്ത്ര ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമാണിതെന്നും പി.സന്തോഷ് കുമാർ (സി.പി.ഐ) പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |