പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി,ഇനി ലോസാഞ്ചലസിൽ കാണാം
പാരീസ് : ഒളിമ്പിക്സിന്റെ പെരുമ പാരീസിൽ നിന്ന് അമേരിക്കയിലെ ലോസാഞ്ചലസ് ഏറ്റുവാങ്ങിയതോടെ 17 ദിവസങ്ങൾ നീണ്ടുനിന്ന ഒളിമ്പിക്സിന്റെ 33-ാമത് പതിപ്പിന് തിരിതാണു. അവസാന ദിവസം അവസാനമായി നടന്ന വനിതകളുടെ ബാസ്കറ്റ് ബാൾ ഫൈനൽ മത്സരത്തിന്റെ അവസാന നിമിഷം നേടിയ പോയിന്റിന് സ്വർണം നേടി ചൈനയിൽ നിന്ന് ഒളിമ്പിക് ചാമ്പ്യൻപട്ടവും പിടിച്ചെടുത്ത ഗരിമയിലാണ് അമേരിക്ക സ്വന്തം മണ്ണിലേക്ക് അടുത്ത ഒളിമ്പിക്സിനുള്ള അവകാശ പതാക ഏറ്റുവാങ്ങിയത്. 2028ലാണ് അമേരിക്കൻ നഗരമായ ലോസാഞ്ചലസിൽ 34-ാമത് ഒളിമ്പിക്സ് നടക്കുക.
ചരിത്രത്തിലാദ്യമായി മുഖ്യവേദിയായ സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകളൊരുക്കി വ്യത്യസ്തത തീർത്ത പാരീസ് സമാപനം പരമ്പരാഗതമായി രീതിയിലാണ് നടത്തിയത്. അത്‌ലറ്റിക്സ് മത്സരങ്ങൾ നടന്ന സ്റ്റേഡ് ഡി ഫ്രാൻസിലായിരുന്നു സമാപനച്ചടങ്ങ്. ഒളിമ്പിക്സ് ദീപം ജ്വലിച്ചുനിന്ന ജാർദിൻസ് ദെസ് ടുയ്‍ലെറീസിൽ നിന്ന് റാന്തലിൽ ദീപവും കയ്യിലേന്തി സ്വർണമെഡൽ ജേതാവായ ഫ്രഞ്ച് നീന്തൽ താരം ലിയോൺ മെർഷാൻഡ് സ്റ്റേഡിയത്തിലേക്ക് എത്തിയതോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ലോക ഭൂപടത്തിന്റെ മാതൃകയിലുള്ള ഭീമൻ വേദിയിലേക്ക് വിവിധ രാജ്യങ്ങളുടെ പതാകവാഹകരായ പുരുഷ വനിതാ താരങ്ങൾ വേദിയയെ വലംവച്ച് വട്ടമിട്ട് നിരന്നു. പി.ആർ ശ്രീജേഷും മനു ഭാക്കറുമാണ് ഇന്ത്യൻ പതാകയേന്തിയത്. തുടർന്ന് ഓരോരാജ്യങ്ങളിൽ നിന്നായി താരങ്ങൾ സംഘങ്ങളായി സ്റ്റേഡിയത്തിൽ പ്രവേശിച്ചു.
അതിനുശേഷമാണ് സമാപനസമ്മേളനം തുടങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബക്ക്, വേൾഡ് അത‌്ലറ്റിക്സ് തലവൻ സെബാസ്റ്റ്യൻ കോ, പോൾവാട്ട് ഇതിഹാസം സെർജി ബൂബ്ക തുടങ്ങിയവർ സമാപനച്ചടങ്ങുകളിൽ പങ്കെടുത്തു. സമാപനവേദിയിൽ വച്ച് ഒളിമ്പിക്സ് പാരമ്പര്യം അനുസരിച്ച് വനിതാമാരത്തോണിലെ വിജയികൾക്കുള്ള മെഡൽദാനം നടന്നു. നെതർലാൻഡ്സിന്റെ സിഫാൻ ഹസൻ സ്വർണവും,എത്യോപ്യയുടെ അസെഫ വെള്ളിയും കെനിയയുടെ ഒബീരി വെങ്കലവും ഏറ്റുവാങ്ങി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
ചടങ്ങുകൾക്ക് ഒടുവിലായാണ് പാരീസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ലൊസാഞ്ചലസ് മേയർ കരൻ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങിയത്. തുടർന്ന് അടുത്ത ഒളിമ്പിക്സിന്റെ ആതിഥേയരായ അമേരിക്കയുടെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. പിന്നാലെ സ്റ്റേഡിയത്തിന് മുകളിൽനിന്ന് പറന്നിറങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ് ലൊസാഞ്ചലസ് മേയറിൽ നിന്ന് ദേശീയ പതാകയും വാങ്ങി അമേരിക്കയിലേക്ക് പറക്കുന്നതിന്റെ ദൃശ്യാവിഷ്കാരത്തിലൂടെ അമേരിക്കൻ സംഘത്തിന്റെ കലാപരിപാടികൾക്ക് തുടക്കമായി. പ്രകാശവിസ്മയം തീർത്ത വെടിക്കെട്ടോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |