കൊച്ചി: ഗേറ്റ് കടന്നെത്തുന്ന ഓരോരുത്തരും 200 ക്യാമറകളുടെ കണ്ണിൽ... ഒരൊറ്റ നമ്പറിലെ ഒറ്റ ഫോൺവിളിയിൽ പൂർണ സജ്ജമാകുന്ന സുരക്ഷാ ഭടന്മാർ... കോഡ് ഗ്രേ ഉൾപ്പെടെ സെക്യൂരിറ്റിമാരെ ഒന്നിച്ച് ഒറ്റ പോയിന്റിലെത്തിക്കാം.. ഏതെങ്കിലും സൈനിക ക്യാമ്പിലെ സുരക്ഷാ സംവിധാനങ്ങളല്ലിത്. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കളമശേരിയിൽ 60 ഏക്കറിലേറെ വരുന്ന മെഡിക്കൽ കോളേജ് വളപ്പിന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട്. ഒപ്പം 25ലേറെ എ.ഐ ക്യാമറകളും സദാ സജ്ജമാണ്. കൊൽക്കത്ത ആശുപത്രിയിലേതുപോലെ അത്രപെട്ടന്നൊന്നും ഒരു ആക്രമണവും സാദ്ധ്യമല്ലിവിടെ. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിനു പിന്നാലെയാണ് എറണാകുളം മെഡിക്കൽ കോളേജിലെ സുരക്ഷ ശക്തമാക്കിയത്.
ഹൈ എച്ച്.ഡി മികവിൽ ദൃശ്യങ്ങളും ശബ്ദവും സെക്യൂരിറ്റി ഓഫീസറുടെ മുറിയിലെത്തും.
കോഡ്ഗ്രേ പ്രോട്ടോക്കോൾ
ആശുപത്രി വളപ്പിലെല്ലാം പ്രത്യേക അലാറവുമുണ്ട്. അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള അലാറത്തിൽ ശബ്ദവും പ്രത്യേക ലൈറ്റുകളുമുണ്ട്. വലിയ ശബ്ദത്തോടെ മുഴങ്ങുകയും ആംബുലൻസിനു സമാനമായി ലൈറ്റുകൾ തെളിയുകയും ചെയ്യും. സെക്യൂരിറ്റിമാർക്ക് ഓടിയെത്താം. ഇതിനു പുറമേയാണ് കോഡ്ഗ്രേ അലാറം. പ്രത്യേക സാഹചര്യങ്ങളിൽ കോഡ്ഗ്രേ മുഴങ്ങും. ലൈറ്റ് തെളിയും. ഉടൻ പ്രത്യേക മേഖലയിലേക്ക് സെക്യൂരിറ്റിമാർക്കെത്താം. വ്യോമസേനയിലെ വാറണ്ട് ഓഫീസറായിരുന്ന കെ. ഷാജഹാനാണ് ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസർ.
ക്രമീകരണങ്ങളിനിയും
പൊലീസിനു സമാനമായി പ്രധാന മേഖലകളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹെൽമെറ്റും ലാത്തിയും ഷീൽഡും
1111 എന്ന നമ്പറിൽ സെക്യൂരിറ്റിമാരെയെല്ലാം ഒറ്റ നമ്പറിൽ അലർട്ടാക്കാം
ആധുനിക വാക്കിടോക്കികൾ എട്ടെണ്ണം. 10 എണ്ണം ഉടനെത്തും
മൾട്ടി കളർ പാസ് സിസ്റ്റം. ഒരു കളറിലുള്ള പാസ് ഒരാഴ്ച മാത്രം. ഇങ്ങനെ ഏഴ് പാസുകൾ. പാസ് തിരികെ ഏൽപ്പിക്കാതെ ഡിസ്ചാർജില്ല. നഷ്ടപ്പെട്ടാൽ പിഴയീടാക്കും. പാസിന്റെ കളർ ഏഴ് ആഴ്ച കൂടുമ്പോൾ മാറും.
രോഗികളുടെ ഡിസ്ചാർജ് പട്ടിക അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഓഫീസർക്ക് അയക്കും
ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഓരോ സാധനങ്ങൾക്കും പ്രത്യേക ഗേറ്റ് പാസ്
ആസൂത്രിത പദ്ധതി
10ലക്ഷം രൂപയുടെ സുരക്ഷാ പദ്ധതിക്കും ആശുപത്രി രൂപം നൽകിയിട്ടുണ്ട്.
മുഴുൻ ജീവനക്കാർക്കും ഒരേ നിറത്തിൽ ഐ.ഡി കാർഡ്. അത് ആശുപത്രിയിൽ തയാറാക്കും
ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ ഡേറ്റാ ബേസ് ഓരോ മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യും.
കൂടുതൽ തദ്ദേശീയരായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും
സുരക്ഷാ ഉദ്യോഗസ്ഥർക്ക് കളരി ഉൾപ്പെടെ പരിശീലനം
ജീവനക്കാരുടെയും രോഗികളുടെയുമെല്ലാം സുരക്ഷ പ്രധാനമാണ്. അതിൽ വിട്ടുവീഴ്ചയില്ല.
ഡോ. ഗണേഷ് മോഹൻ
ആശുപത്രി സൂപ്രണ്ട്
ആശുപത്രിയിൽ അതിനൂതന സുരക്ഷാ സംവിധാനങ്ങൾ ഇനിയുമേർപ്പെടുത്തും
ഡോ. പ്രതാപ് സോമനാഥ്
പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |