കോഴിക്കോട്: ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുൻ മാനേജർ മധ ജയകുമാർ പിടിയിൽ. തെലങ്കാനയിൽ നിന്നാണ് ജില്ലാ ക്രെെം ബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ മധ ജയകുമാർ തട്ടിപ്പ് വിവരം പുറത്തുവന്ന ശേഷം ഒളിവിലായിരുന്നു.
ബാങ്കിലെ 42 അക്കൗണ്ടുകളിൽ നിന്നായി 17 കോടി രൂപവരുന്ന 26 കിലോ സ്വർണം കടത്തിയ ശേഷം അവിടെ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരായ പരാതി. മധ ജയകുമാരിന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയിൽ പുതുതായി വന്ന മാനേജർ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.
2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ മധ ജയകുമാർ മാനേജറായി എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജറുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിൽ ആരോപണം മധ ജയകുമാർ നിഷേധിച്ചിരുന്നു. ബാങ്ക് അധികൃതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഒളിവിൽ പോയതല്ലെന്നും അവധിയിലാണെന്നുമാണ് മധ ജയകുമാർ വ്യക്തമാക്കിയത്. കേസിൽ തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ ജയകുമാർ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഒരു സ്വകാര്യ കമ്പനിയുടെ സ്വർണമാണ് തട്ടിയത്. ഈ കമ്പനിയെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |