മലയാളികളുടെ പ്രവാസ ജീവിതം കെട്ടിലും മട്ടിലും മാറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രവാസ ജീവിതം എന്നാല്‍ ഗള്‍ഫ് കുടിയേറ്റം എന്നായിരുന്നു അടുത്തകാലത്ത് വരെയുള്ള ചിന്ത. എന്നാല്‍ അരനൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ ഗള്‍ഫ് ജീവിതം ഇപ്പോഴും കുഴപ്പമില്ലാതെ തുടരുന്നുവെങ്കിലും എണ്ണം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗള്‍ഫ് മേഖലയോട് മലയാളിക്ക് പഴയ താത്പര്യമിപ്പോഴില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യമാണ് ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത്.
ഗള്‍ഫിനോടുള്ള കമ്പം കുറഞ്ഞ മലയാളികളുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഇടം യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇക്കൂട്ടത്തില്‍ മുന്നിലുള്ളതാകട്ടെ ബ്രിട്ടനും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടാണ് പ്രവാസത്തിലെ മാറുന്ന ട്രെന്‍ഡ് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലേക്ക് കുടിയേറ്റം വര്‍ദ്ധിച്ചുവരുന്നതായി കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2018 ല്‍ പ്രവാസി മലയാളികളില്‍ 10.8 ശതമാനം പേരാണ് ഗള്‍ഫ് ഇതര രാജ്യങ്ങളിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് 19.5 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2003വരെ പ്രവാസികള്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലേക്കാണ് കുടിയേറിയിരുന്നതെങ്കില്‍ അതിന് ശേഷം കണക്ക് ഒരിക്കല്‍പ്പോലും വര്‍ദ്ധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ വര്‍ദ്ധിക്കുന്നുവെന്ന് പറയുമ്പോഴും ഇപ്പോഴും മലയാളി പ്രവാസികളില്‍ 80 ശതമാനത്തിന് മുകളിലും ഗള്‍ഫിനെയാണ് ആശ്രയിക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ തന്നെ യുഎഇയോടാണ് മലയാളികള്‍ക്ക് പ്രിയം കൂടുതല്‍ 38.6 ശതമാനം പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്തുള്ളത്. 16.9 ശതമാനവുമായി സൗദി അറേബ്യയാണ് യുഎഇക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗള്‍ഫ് മേഖലയുടെ പുറത്തേക്ക് വന്നാല്‍ മൊത്തം പ്രവാസികളില്‍ ആറ് ശതമാനവുമായി ബ്രിട്ടനാണ് ഒന്നാമത്. വിദേശ കുടിയേറ്റത്തിന്റെ സ്ത്രീ-പുരുഷ അനുപാതവും സര്‍വേയില്‍ വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ കൂടുതലും പുരുഷന്‍മാരാണ്. കുടിയേറ്റക്കാരില്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ 85.4 ശതമാനവും ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ 14.6 ശതമാനവുമാണ്.
പുരുഷന്‍മാരില്‍ ഭൂരിഭാഗത്തിനും പ്രവാസമെന്നാല്‍ ഗള്‍ഫ് തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് താത്പര്യം ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ മണ്ണിനോടാണ്. മൊത്തം പ്രവാസി സ്ത്രീകളില്‍ 59.5 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലും 40.5 ശതമാനം ഗള്‍ഫ് ഇതര രാജ്യങ്ങളിലുമാണ് ജോലി ചെയ്യുന്നത്. സ്ത്രീകളായ പ്രവാസികള്‍ കൂടുതലുള്ളതും ഗള്‍ഫ് രാജ്യമായ യു.എ.ഇയിലാണ്. 31.6 ശതമാനമാണ് കണക്ക്. രണ്ടാം സ്ഥാനത്തുള്ളത് യു.കെയാണ്. 14.7 ശതമാനമാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |