ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാനെത്തുന്നത് രണ്ട് "പുലിക്കുട്ടികൾ". സി ബി ഐ അഡീഷണൽ ഡയറക്ടർ സമ്പത്ത് മീണയും അഡീഷണൽ സൂപ്രണ്ടന്റ് സീമ പഹൂജയുമാണ് കേസ് അന്വേഷിക്കുക.
രാജ്യം ഏറെ ചർച്ച ചെയ്ത 2020ലെ ഹത്രാസ് പീഡനക്കൊലയും, ബി ജെ പി നേതാവ് പ്രതിയായ 2017ലെ ഉന്നാവോ പീഡനക്കേസും അന്വേഷിച്ചത് സമ്പത്ത് മീണയായിരുന്നു, ഹത്രാസ് കേസ് അന്വേഷണ സംഘത്തിൽ സീമ പഹൂജയും ഉണ്ടായിരുന്നു.
ജാർഖണ്ഡിൽ നിന്നുള്ള 1994 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് സമ്പത്ത് മീണ. 2007 നും 2018 നും ഇടയിൽ മികച്ച അന്വേഷണത്തിന് രണ്ടുതവണ സ്വർണമെഡൽ നേടിയ ഉദ്യോഗസ്ഥയാണ് സീമ പഹൂജ. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് മുമ്പ് വിരമിക്കാൻ ആഗ്രഹിച്ച ഉദ്യോഗസ്ഥയാണ് അവർ. എന്നാൽ അന്നത്തെ സി ബി ഐ ഡയറക്ടർ പിന്തിരിപ്പിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഹിമാചൽ പ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് പഹൂജയായിരുന്നു. തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കേസാണ് നിഷ്‌പ്രയാസം തെളിയിച്ചത്. 2017 ജൂലായ് നാലിന് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് പതിനാറുകാരി ആക്രമത്തിനിരയായത്. ഷിംലയിലെ കോട്ഖായിയിലെ വനത്തിൽ വച്ചാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നാലെ പ്രതിയെ കണ്ടെത്താനാകാത്തതിൽ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ടായി. തുടർന്ന് കേസ് സി ബി ഐ ഏറ്റെടുത്തു. സീമ പഹൂജയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരംവെട്ടുകാരനാണ് പ്രതിയെന്ന് കണ്ടെത്തി. 2021ൽ കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |