കോഴിക്കോട്: മഴമാറി വെയിൽ തെളിഞ്ഞിട്ടും പുഴുശല്യത്തിന് അറുതിയില്ല. പറമ്പിലും മുറ്റത്തും വീടിനുള്ളിലും കയറിക്കൂടുന്ന പുഴുശല്യത്താൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. മഞ്ഞയും കറുപ്പും കലർന്നതും വെളുപ്പും ചുവപ്പും നിറമുള്ള പുഴുകളാണ് ശല്യക്കാർ. നിറയെ രോമങ്ങളുള്ള ഇവ ദേഹത്ത് തൊട്ടാൽ ചൊറിച്ചിലും ദേഹം തടിക്കുകയും ചെയ്യും. ഉണക്കാനിടുന്ന വസ്ത്രങ്ങളിൽ കയറിക്കൂടുകയും ഭക്ഷണത്തിൽ അടക്കം വീഴുന്ന സാഹചര്യമാണ്. സ്‌കൂളുകളിലും പുഴുശല്യം രൂക്ഷമാണ്. കുട്ടികളുടേയും അദ്ധ്യാപകരുടേയും ദേഹത്തേക്ക് വീഴുകയാണ്. ദിവസങ്ങൾ നീണ്ട മഴയ്ക്കു പിന്നാലെയാണ് പുഴുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. എന്നാൽ മഴമാറി വെയിലുവന്നെങ്കിലും ശല്യമൊഴിഞ്ഞിട്ടില്ല.
കൃഷിയ്ക്ക് വൻ നാശം
പച്ചക്കറിയുടേയും വാഴകളുടേയും ഇലകൾ കൂട്ടമായി തിന്നു തീർക്കുന്നതോടെ കൃഷിക്കും വലിയ നഷ്ടമാണുണ്ടാകുന്നത്. വാഴ, കിഴങ്ങുവർഗങ്ങൾ, കറിവേപ്പില, വെണ്ട, വഴുതന, പയർ, തക്കാളി തുടങ്ങിയവയെല്ലാം പുഴുക്കൾ നശിപ്പിക്കുന്നുണ്ട്. ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി ഉൾപ്പടെ ചെടികളുടെ ഇലകളും വ്യാപകമായി പുഴുക്കൾ നശിപ്പിക്കുകയാണ്. വാഴകൃഷിക്കാണ് പുഴുകൾ വ്യാപക ഭീഷണി ഉയർത്തുന്നത്. ആയിരക്കണക്കിന് വാഴകളാണ് പുഴു തിന്നു തീർക്കുന്നത്. ചെറിയ വാഴമുതൽ മുതൽ കുലക്കാറായ വാഴകൾ വരെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തൂമ്പിലകളിലാണ് ഇവ പെരുകുക. ഇവ കാഷ്ഠിക്കുന്ന ഇല ഭാഗം കരിഞ്ഞുപോവുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വാഴ കർഷകരാണ് പുഴുശല്യം കാരണം പ്രതിസന്ധിയാലായത്. അതേസമയം പുഴു ശല്യത്തിന് കാരണം കാലാവസ്ഥയിൽ വന്ന മാറ്റമാണെന്നും കർഷകർക്ക് ആവശ്യമായ മാർഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.
നാട്ടിൻപുറങ്ങളിൽ തേരട്ടയും
ഏപ്രിൽ മുതൽ ജൂൺ വരെ നാട്ടിൻപുറങ്ങളിൽ ഈച്ചശല്യമായിരുന്നു. ആഗസ്റ്റ് പിറന്നതോടെ ഈച്ചകൾ പമ്പകടന്നു. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലുള്ളവരെ കൂടുതൽ അലട്ടുന്നത് പുഴുക്കളും തേരട്ടയുമാണ്. ഇരുവശങ്ങളിലും ഇളംമഞ്ഞനിറമുള്ള കറുത്ത തേരട്ടകളാണ് കൂട്ടമായി വീടിനുള്ളിൽ വരെ എത്തുന്നത്. പൂപ്പൽപിടിച്ച മതിലുകളിലാണ് ഇവ ധാരാളമായി കണ്ട് വരുന്നത്. ഈച്ചകളെപോലെതന്നെ മുൻവർഷങ്ങളിലെക്കാൾ എണ്ണത്തിൽ കൂടുതലാണ് തേരട്ടകളും. ചെമ്പൻ നിറമുള്ള രോമാവൃതമായ പുഴുക്കളാണ് മറ്റൊരു വിരുന്നുകാർ. വാഴയുടെ തളിരിലകൾ മിനിറ്റുകൾക്കുള്ളിൽ തിന്നുതീർക്കുന്ന ഇവ വാഴയെ പൂർണമായും നശിപ്പിച്ചതിന് ശേഷമാണ് പിൻവാങ്ങുക. ഇതോടെ വിലകൂടിയതും വീര്യംകൂടിയതുമായ കീടനാശിനികൾ പ്രയോഗിക്കാൻ വാഴകർഷകർ നിർബന്ധിതരാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |