ചെന്നൈ : കളിക്കളത്തിൽ നേരിടുന്ന തോൽവികളാണ് പിന്നീടുള്ള വിജയങ്ങളെ മധുരതരമാക്കുന്നതെന്ന് പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കലങ്ങൾ നേടിയ ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ പറഞ്ഞു. ചെന്നൈ വേലമ്മാൾ സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ വിദ്യാർത്ഥികളോട് സംവദിക്കുമ്പോഴാണ് തന്റെ അനുഭവം ഉദാഹരണമാക്കി മനു ഇക്കാര്യം പറഞ്ഞത്.
ടോക്യോ ഒളിമ്പിക്സിൽ വലിയ പ്രതീക്ഷകളുമായി ചെന്ന താൻ തോക്കിന്റെ തകരാറുമൂലം ഒന്നും നേടാനാകാതെ പുറത്തായതും പിന്നീട് ആത്മവവിശ്വാസം വീണ്ടെടുക്കാൻ പ്രയാസപ്പെട്ടതും മനു വിദ്യാർത്ഥികളോട് പങ്കുവച്ചു. '' ആ സമയത്ത് ഞാൻ ലോക രണ്ടാം നമ്പർ താരമായിരുന്നു. എന്നിട്ടും ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടാൻ കഴിഞ്ഞില്ല. ആ തോൽവിയുടെ വേദന നന്നായി അറിഞ്ഞതിനാലാണ്
പാരീസിലെ മെഡലിൽ എനിക്ക് സന്തോഷിക്കാൻ കഴിയുന്നത്. അതാണ് സ്പോർട്സിന്റെ സൗന്ദര്യം. ഒരു മത്സരത്തിൽ നിങ്ങൾ തോറ്റാൽ മറ്റൊന്നിൽ നിങ്ങൾക്ക് ജയിക്കാനാകും. പക്ഷേ അതിന് കഠിന പ്രയത്നം ചെയ്യേണ്ടിവരുമെന്നുമാത്രം ""- മനു ഭാക്കർ പറഞ്ഞു.
വിദ്യാർത്ഥികളോട്
മനു പങ്കുവച്ചത്
ഒരു ലക്ഷ്യത്തിലെത്തുക എന്നത് ഒട്ടും എളുപ്പമല്ല. അതിൽ എത്തിച്ചേരുംവരെ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കണം. വലിയ സ്വപകനങ്ങൾ കാണാൻ കഴിയുമെങ്കിൽ അത് നേടിയെടുക്കാനുമാകും. അതുമാത്രമാകണം ലക്ഷ്യം. ഞാൻ എപ്പോഴും വലിയ സ്വപ്നങ്ങളാണ് കണ്ടിരുന്നത്. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാണ് പരിശ്രമിച്ചത്.
ഓരോ മത്സരത്തിന് പോകുമ്പോഴും ഇത് ജയിച്ചാലും തോറ്റാലും ഒന്നുമില്ല എന്നാണ് ഞാൻ മനസിനെ പറഞ്ഞ് സമാധാനിപ്പിക്കാറ്. തോറ്റുപോകുമോ എന്ന പേടി മായ്ച്ചുകളയാൻ ഇത് നല്ലതാണ്. തോറ്റാലും ഇനിയും മത്സരങ്ങൾ വരുമല്ലോ, അതിൽ ജയിക്കാനായി അദ്ധ്വാനിക്കാമെന്ന് മനസിന് ബലം പകരും.
ജീവിതത്തിൽ ഡോക്ടറോ എൻജിനീയറോ ആകുന്നത് മാത്രമാകരുത് ലക്ഷ്യം. ഒരു കായിക താരമാകുകയെന്നത് അത്ര മോശം കരിയർ ഓപ്ഷനല്ല. മികച്ച കായിക താരമായാൽ സാമ്പത്തികമായും മുന്നേറാനാകും. ഒരു കായിക താരത്തിന്റെ ജീവിതവും സുന്ദരമാണ്.
എന്റെ അമ്മയാണ് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം പകർന്നത്. എന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ പിന്തുണയുമായി അമ്മയും അച്ഛനും ഒപ്പം നിന്നു. കായികരംഗത്തേക്ക് വരുന്ന കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ആദ്യ വർഷങ്ങളിൽ അത്യാവശ്യം.
എട്ടരവർഷമായി ഞാൻ ഷൂട്ടിംഗ് തുടങ്ങിയിട്ട്. പല രാജ്യങ്ങളൽ മത്സരങ്ങൾക്കായി പോയി. ലോകത്തിന്റെ പകുതിയിലേറെ സഞ്ചരിച്ചു. വിവിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരുമായി പരിചയപ്പെട്ടു. ഇവരിൽ നിന്ന് പഠിച്ച പ്രധാനപാഠം നമ്മളുടെ സാംസ്കാരിക പശ്ചാത്തലിത്തിൽ നാണിക്കേണ്ടതില്ല എന്നതാണ്. നമ്മൾ നമ്മളായിത്തന്നെ അഭിമാനത്തോടെ മുന്നോട്ടുപോവുക.
തുടക്കത്തിൽ എനിക്ക് ഇംഗ്ളീഷിൽ സംസാരിക്കാൻ അറിയില്ലായിരുന്നു. അതുകരുതി ഞാൻ കരിയറിൽ നിന്ന് മാറിനിന്നില്ല. ഞാൻ സ്വയം ഇംഗ്ളീഷ് സംസാരിക്കാൻ പഠിക്കുകയായിരുന്നു. പലരും സഹായിക്കുകയും ചെയ്തു.
സ്റ്റാലിനെ അറിയില്ല,
വിജയ്‌യെ അറിയാം
വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ ഉയർന്ന '' ഞങ്ങളുടെ മുഖ്യമന്ത്രി സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന മനു ഭാക്കറിന്റെ ഉത്തരം സദസിൽ ചിരി പടർത്തി. മഹാബലിപുരത്തേയും മധുര മീനാക്ഷി ക്ഷേത്രത്തേയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മനു അറിയില്ല എന്നാണ് മറുപടി നൽകിയത്. എന്നാൽ ചെസ് താരം ആർ.പ്രഗ്നാനന്ദയേയും തമിഴ് സിനിമാതാരം വിജയ്‌യേയും അറിയാമെന്ന് മനു മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |