ലൊസാൻ : പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ജാവലിൻ ത്രോയിലെ ലോകചാമ്പ്യനായ ഇന്ത്യൻ താരം നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങുന്നു. സ്വിറ്റ്സർലാൻഡിലെ ലൊസാനിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിലാണ് നീരജ് മത്സരിക്കുന്നത്. ഒളിമ്പിക്സിന് ശേഷമുള്ള നീരജിന്റെ ആദ്യ മത്സരമാണിത്. ഒളിമ്പിക്സിന് ശേഷം സ്വിറ്റ്സർലാൻഡിൽ പരിശീലനത്തിലായിരുന്നു നീരജ്. അതേസമയം പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം നദീം അർഷാദ് ഈ മത്സരത്തിൽ പങ്കെടുക്കുന്നില്ല. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് പാരീസ് ഒളിമ്പിക്സിൽ വെള്ളി നേടിയിരുന്നത്. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്. നീരജിന്റെ മറ്റ് അഞ്ച് ത്രോകളും ഫൗളായിരുന്നു. 92.97 മീറ്റർ എറിഞ്ഞാണ് നദീം സ്വർണം നേടിയിരുന്നത്. നദീമും തന്റെ രണ്ടാം ഏറിലാണ് ഈ ദൂരത്തിലെത്തിയത്. നിലവിലെ ലോക ചാമ്പ്യൻഷിപ്പിലെയും ഏഷ്യൻ ഗെയിംസിലെയും സ്വർണമെഡൽ ജേതാവാണ് നീരജ്.
പാരീസ് ഒളിമ്പിക്സിൽ 88.54 മീറ്റർ എറിഞ്ഞ് വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്,88.50 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്തെത്തിയ ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വൽദേഷ്, 87.72 മീറ്റർ എറിഞ്ഞ അഞ്ചാമനായ കെനിയയുടെ യൂലിയസ് എഗോ, 87.40 മീറ്റർ എറിഞ്ഞ് ആറാമനായ ജർമ്മനിയുടെ ജൂലിയൻ വെബർ തുടങ്ങിയവർ ലൊസാനിൽ നീരജിന് വെല്ലുവിളി ഉയർത്തി ഒപ്പം മത്സരിക്കാനുണ്ട്.
90 മീറ്റർ
തന്റെ കുറച്ചുകാലമായുള്ള ലക്ഷ്യമായ 90 മീറ്റർ ഈ സീസണിൽ തന്നെ മറികടക്കണമെന്ന ആഗ്രഹവുമായാണ് നീരജ് ലൊസാനിൽ മത്സരിക്കാനിറങ്ങുന്നത്.ഈ സീസണിൽ ഇനി രണ്ട് ഡയമണ്ട് ലീഗ് മീറ്റുകൾ കൂടിയുണ്ട്. സെപ്തംബർ അഞ്ചിന് സൂറിച്ചിലും 14ന് ബ്രസൽസിലുമാണ് ഈ മത്സരങ്ങൾ ഇതിലും നീരജ് പങ്കെടുക്കുന്നുണ്ട്.
സീസണിനൊടുവിൽ
ശസ്ത്രക്രിയ
കുറച്ചുനാളായി തന്നെ അലട്ടുന്ന അടിവയറ്റിലെ പരിക്കിന് ഈ സീസണിന് അവസാന നീരജ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും എന്നാണ് അറിയുന്നത്. ഒളിമ്പിക്സിന് മുമ്പും പരിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതുകൊണ്ടാണ് ഒളിമ്പിക്സിന് തൊട്ടുമുമ്പ് നടന്ന പാരീസ് ഡയമണ്ട് ലീഗിൽ നിന്ന് നീരജ് വിട്ടുനിന്നത്. ബ്രസൽസിലെ ഡയമണ്ട് ലീഗിന് ശേഷമായിരിക്കും ശസ്ത്രക്രിയ.
ടി.വി ലൈവ്
രാത്രി 12.22 മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |