തിരുവനന്തപുരം: മാതാപിതാക്കളോട് പിണങ്ങി കഴക്കൂട്ടത്തുനിന്ന് വീടുവിട്ട അസാം സ്വദേശിയായ പതിമൂന്നുകാരി തസ്മിത് തംസിയെ നാല്പതു മണിക്കൂറിനുശേഷം വിശാഖപട്ടണത്ത് മലയാളി സമൂഹം കണ്ടെത്തി രക്ഷിച്ചു. ക്ഷീണിതയായ പെൺകുട്ടിയെ ട്രെയിനിൽ തെരച്ചിൽ നടത്തിയാണ് മലയാളി അസോസിയേഷൻ പ്രവർത്തർ കണ്ടുപിടിച്ച് ആർ.പി.എഫിന് കൈമാറിയത്.
രാത്രി പത്തോടെയാണ് രക്ഷിച്ചത്. ചെന്നൈയിൽ നിന്ന് ബംഗാളിലേക്കു പോകുന്ന ട്രെയിനിൽ പെൺകുട്ടി ഉണ്ടാകാമെന്ന് നാട്ടിൽ നിന്ന് പരിചയക്കാരാണ് അവിടുള്ളവരെ അറിയിച്ചത്. പൊലീസും സഹായം അഭ്യർത്ഥിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി പെൺകുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരും.
അസം സ്വദേശി അൻവർ ഹുസൈന്റെയും പർബിൻ ബീഗത്തിന്റെയും മകൾ തസ്മിത് തംസി കഴക്കൂട്ടത്തെ വാടകവീട്ടിൽ നിന്ന്
ചൊവ്വാഴ്ച രാവിലെ 9.30നാണ് പുറത്തേക്ക് പോയത്. ജോലിക്ക് പോയ മാതാപിതാക്കൾ ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകളില്ലെന്ന് മനസിലായത്.വൈകുന്നേരത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെമേൽനോട്ടത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള ആറ് സ്ക്വാഡുകളാണ് തെരച്ചിൽ തുടങ്ങിയത്.
കൈവശം അൻപത് രൂപമാത്രമുണ്ടായിരുന്ന അസമീസ് ഭാഷമാത്രം അറിയാവുന്ന കുട്ടിയെ ഇന്നലെ പകൽ മുഴുവൻ കേരള,തമിഴ്നാട് പൊലീസും ആർ.പി.എഫും നാട്ടുകാരും സംയുക്തമായി തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
കന്യാകുമാരിയിൽ കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർമാർ മൊഴി നൽകി.
വൈകിട്ടോടെയാണ് കുട്ടി ചെന്നൈ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.കുപ്പിവെള്ളവുമായി പ്ലാറ്റ്ഫോമിലൂടെ പോകുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സി.സി.ടി.വിയിലുണ്ടായിരുന്നത്. കേരള പൊലീസിന്റെ അഞ്ചംഗ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. ഇന്നലെ ചെന്നൈയിൽ നിന്നു അസാമിലേക്കുള്ള ട്രെയിനിൽ കുട്ടി കയറാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരു - കന്യാകുമാരി എക്‌സ്പ്രസിലാണ് കന്യാകുമാരിയിലെത്തിയത് . അവിടെ നിന്ന് എഗ്മൂർ എക്സ്പ്രസിലാണ് ചെന്നൈയിലെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറിന്റെ നിർദ്ദേശ പ്രകാരം ഒരു സംഘം അസാമിലേക്കും പുറപ്പെട്ടു. അന്ധ്രാ പൊലീസിന്റെ സഹായവും തേടി.
അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി കഴക്കൂട്ടത്തെ വാടകവീട്ടിൽനിന്ന് ഇറങ്ങിയത്. ബസിൽ കയറി തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തി, ബംഗളൂരു- കന്യാകുമാരി ട്രെയിനിൽ കയറുകയായിരുന്നു
വഴികാട്ടിയത് ബബിത
എടുത്ത ചിത്രം
1. ഇന്നലെ പുലർച്ചെ നാലോടെയാണ് കുട്ടി കന്യാകുമാരി ഭാഗത്തേക്ക് പോയവിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ട്രെയിനിലുണ്ടായിരുന്ന വിദ്യാർത്ഥിനിയായ നെയ്യാറ്റിൻകര സ്വദേശി ബബിതയാണ് വിവരം കൈമാറിയത്.കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ട് സംശയം തോന്നിയ ബബിത ഫോണിൽ ചിത്രമെടുക്കുകയായിരുന്നു. യൂട്യൂബിൽ വാർത്ത കണ്ടാണ് പൊലീസിനെ അറിയിച്ചത്.
2. തിരുവനന്തപുരത്ത് നിന്ന് കുട്ടി കയറിയ ഐലന്റ് എക്സ്പ്രസ് ട്രെയിൻതന്നെയാണ് കന്യാകുമാരിയിൽ നിന്ന് പേരുമാറ്റി രണ്ടു മണിക്കൂറിനുശേഷം നാഗർകോവിൽ, തിരുനെൽവേലി വഴി ചെന്നൈ എഗ്മൂറിലേക്ക് പോകുന്നത്.
3. മാതാപിതാക്കൾക്കൊപ്പം അസാമിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്തിട്ടുള്ളതിനാൽ കുട്ടിക്ക് ട്രെയിൻ യാത്ര സുപരിചിതമാണ്.
ഒരു മാസത്തിനുമുമ്പാണ് ഇവർ കഴക്കൂട്ടത്തിനും വെട്ടുറോഡിനും ഇടയ്ക്കുള്ള വടക്കുംഭാഗത്ത് താമസമാക്കുന്നത്. സമീപത്തെ സ്കൂളിൽ ഗാർഡൻ പണിയാണ് ചെയ്യുന്നത്. ഒൻപതും ആറും വയസുള്ള രണ്ടു പെൺമക്കൾകൂടെയുണ്ട്. ഒരുമകൻ ബംഗളൂരുവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |