കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അമ്മയുടെ വൈസ് പ്രസിഡന്റ് അഭിപ്രായം വ്യക്തമാക്കിയത്.
എന്നാൽ സിനിമയിൽ വിജയിച്ച നടിമാരും നടന്മാരും വഴിവിട്ട പാതയിൽ സഞ്ചരിച്ചാണ് വിജയം കൈവരിച്ചതെന്ന് വ്യാഖ്യാനിക്കരുത്. തന്റെ വാതിൽ മുട്ടി എന്ന് ഒരു ആർട്ടിസ്‌റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ആ കുട്ടിയുടെ പരാതി അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് മാറ്റി നിറുത്തന്നത് ശരിയല്ല എന്നുതന്നെയാണ് എന്റെയും അമ്മയുടെയും അഭിപ്രായം.
പല തൊഴിലിടങ്ങളിലും ഇങ്ങനൊക്കെ നടക്കുന്നില്ലേയെന്നുള്ള ചോദ്യം അപ്രസക്തമാണ്. പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല അത്. സംസ്ഥാന സർക്കാരിനെതിരെ പറയാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞ ജദഗീഷ്, പക്ഷേ റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കപ്പെട്ടതിൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്ന് പ്രതികരിച്ചു. ദോഷകരമായ പ്രവർത്തനങ്ങൾ ചെയ‌്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണം.
ആരുടെയും പേരുകൾ പുറത്തുവരുന്നതിലോ അവർ ശിക്ഷിപ്പെടുന്നതിലോ അമ്മ എതിരില്ല. അപ്പോൾ മറ്റുള്ളവർക്ക് നേരെയുള്ള ഗോസിപ്പുകൾ കൂടി അവസാനിക്കും. കോടതിക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് നടന്നാലും പത്ത് കൊല്ലം മുമ്പ് നടന്നാലും ലൈംഗിക ചൂഷണം ഒരിക്കലും സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നല്ല. ആരോപണം നേരിടുന്നവർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് വിശദമാക്കി.
പരാതിക്കാർ വീണ്ടും മൊഴി കൊടുക്കണമെന്ന് പറയുന്നത് ശരിയല്ല. അത് അവരെ വേദനിപ്പിക്കുന്നതിന് തുല്യമാണ്. ആ മൊഴി അവർ മാറ്റി പറയാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകണം. കോടതി പറഞ്ഞാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കും.
പവർഗ്രൂപ്പ് എന്ന് പറയുന്നത് ആലങ്കാരികമായിട്ടുള്ള പദം മാത്രമാണ്. ജസ്‌റ്റിസ് ഹേമ ആലങ്കാരികമായി പറഞ്ഞതാണ്. ഇതുവരെ ഇല്ലാത്തൊരു പദമാണ്. എന്തൊക്കെ പരിഹാരങ്ങളാണ് വേണ്ടതെന്ന് ജസ്‌റ്റിസ് ഹേമ മുന്നോട്ടു വച്ചാൽ നല്ലതായിരിക്കുമെന്നും ജഗദീഷ് വ്യക്തമാക്കി. ഗണേശ് കുമാർ എന്നല്ല ആർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും അന്വേഷിക്കേണ്ടതാണെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |