കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി കർശന നിലപാടെടുത്തതോടെ നടപടിയിലേക്ക് കടക്കാൻ സർക്കാർ നിർബന്ധിതരായെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
പലതും ഒളിക്കാനും ചിലരെ രക്ഷിക്കാനും സർക്കാർ ശ്രമിക്കുകയാണെന്ന തോന്നലാണ് പൊതുവെ ഉയർന്നത്.
സമൂഹത്തെയാകെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന് നിരീക്ഷിച്ച് സമ്പൂർണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതിനാൽ ഇനി കൈയുംകെട്ടി ഇരിക്കാനാവില്ല.
ഇരയ്‌ക്കും വേട്ടക്കാർക്കുമൊപ്പം നിൽക്കുന്ന ഇരട്ടത്താപ്പല്ല സർക്കാരിന്റേതെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയില്ലെങ്കിൽ രാഷ്ട്രീയമായും തിരിഞ്ഞു കൊത്തും. ഇതിനെല്ലാം പുറമെയാണ് പുറത്തു വിട്ടതിലേറെ വിവരങ്ങൾ സർക്കാർ പൂഴ്ത്തിയെന്ന പുതിയ വിവാദം.
ഒന്നും ഒളിക്കാനില്ലെന്ന് വ്യക്തമാക്കി സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം. അന്വേഷണത്തിന് സർക്കാർ തീരുമാനിക്കുകയോ കോടതി ഉത്തരവിടുകയോ ചെയ്താൽ ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തേണ്ടിവരും.
കഴമ്പില്ലാത്ത വാദങ്ങൾ
1. കുറ്റകൃത്യമുണ്ടായോ എന്നു സംശയിക്കത്തക്ക വിവരം ലഭിച്ചാൽ പോലും അന്വേഷണം ആരംഭിക്കാം. അത് പോക്‌സോ കേസ് ആകണമെന്നില്ല. ഇരകളുടെ പരാതിയില്ലാതെയും കേസെടുക്കാം
2. ഇരകളുടെ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന കർശന നിയമമുള്ളതിനാൽ സർക്കാർ വാദങ്ങളിൽ കാര്യമില്ല. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം
3. വനിതാ ഉദ്യോഗസ്ഥർ ഇരയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ മൊഴിയെടുക്കണമെന്നാണ് നിയമം. വിചാരണയും അനുബന്ധ നടപടികളും രഹസ്യമായാണ്
4. ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഉള്ളതിനാൽ നടപടികൾ കൂടുതൽ എളുപ്പം. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടല്ല. തെളിവെടുത്ത് മൊഴി രേഖപ്പെടുത്തിയതാണ്
5. ലൈംഗികാതിക്രമം സംബന്ധിച്ച മൊഴികൾ വിശ്വസിക്കാതിരിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത് തള്ളിക്കളയാവുന്ന കാര്യമല്ലെന്ന് കോടതിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |