ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഐ.എസ്.ആർ.ഒ നേട്ടങ്ങൾ കൈവരിച്ചെന്നും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറാവണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
ഭാരത് മണ്ഡപത്തിൽ ആദ്യ ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
2023 ആഗസ്റ്റ് 23-ന് ‘വിക്രം’ ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതിന്റെ സ്മരണയ്ക്കാണ് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്. ചടങ്ങിൽ ‘റോബോട്ടിക്സ് ചലഞ്ച്’, ‘ഭാരതീയ അന്തരിക്ഷ് ഹാക്കത്തോൺ’ വിജയികൾക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് ഐ.എസ്.ആർ.ഒ വലിയ സംഭാവനകൾ നൽകി. കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ബഹിരാകാശ പദ്ധതികളിൽ മുന്നിലെത്തിച്ച ശാസ്ത്രജ്ഞരെ അവർ അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ പുരോഗതി അസാധാരണമാണ്. വിജയകരമായ ചൊവ്വ ദൗത്യവും നൂറിലധികം ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചതും
വലിയ നേട്ടങ്ങളാണ്.
ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തതോടെ ബഹിരാകാശ ഗവേഷണത്തിൽ യുവാക്കൾക്ക് അവസരങ്ങൾ ലഭിച്ചു. ഒരു ഇന്ത്യൻ കമ്പനി 'സിംഗിൾ-പീസ് 3ഡി പ്രിന്റഡ് സെമി-ക്രയോജനിക്' എഞ്ചിൻ റോക്കറ്റ് വിക്ഷേപിച്ചത് ആദ്യത്തെ നേട്ടമാണ്.
ബഹിരാകാശ ദൗത്യങ്ങൾക്ക് ഭീഷണിയാവുന്ന
ബഹിരാകാശ അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ശ്രമങ്ങളെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. 'ഐ.എസ്.ആർ.ഒ സിസ്റ്റം ഫോർ സേഫ് ആൻഡ് സസ്റ്റെയിനബിൾ ഓപ്പറേഷൻസ് മാനേജ്‌മെന്റ്' 2030-ഓടെ എല്ലാ ബഹിരാകാശ ദൗത്യങ്ങളും അവശിഷ്ട രഹിതമാക്കുമെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |