നീണ്ട 12 വർഷത്തെ കരിയറിന് അവസാനം കുറിച്ച് മറ്റ് ടീമംഗങ്ങളുടെയും ആരാധകരുടെയും ഗബ്ബർ ഇന്ന് സോഷ്യൽ മീഡിയ വഴി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 2010ൽ ഇന്ത്യയ്‌ക്കായി ഏകദിന മത്സരത്തിൽ അരങ്ങേറിയ ശിഖർ ധവാൻ 2022ൽ ബംഗ്ളാദേശിനെതിരെയാണ് അവസാനമായി കളിച്ചത്.
മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടെങ്കിലും ഏകദിന ഫോർമാറ്റിലായിരുന്നു ധവാൻ തിളങ്ങിയത്. സൗരവ് ഗാംഗുലി ഓപ്പണിംഗ് സ്ഥാനത്ത് നിന്നും മാറുകയും വൈകാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിടചൊല്ലുകയും ചെയ്‌തപ്പോഴാണ് ഡൽഹി സ്വദേശിയായ ധവാൻ ആ പദവിയിലെത്തിയത്. തികച്ചും ആക്രമണോത്സുക ബാറ്റിംഗ് തന്നെയായിരുന്നു ധവാന്റേത്. ആദ്യ മത്സരത്തിൽ എന്നാൽ തീരെ തിളങ്ങാനായില്ല. പൂജ്യത്തിന് പുറത്തായി.
എന്നാൽ 2013ൽ ആദ്യ ടെസ്‌റ്റിൽ സെഞ്ച്വറി നേടി(187) ധവാൻ വരവറിയിച്ചു. നൂറാം ഏകദിന മത്സരത്തിലും സെഞ്ച്വറി നേടി. ടെസ്റ്റിൽ ഒരിന്നിംഗ്‌സിൽ സെഞ്ച്വറിയും അടുത്ത ഇന്നിംഗ്‌സിൽ ഡക്ക് ഔട്ടുമായി അപൂർവ റെക്കാഡും നേടിയിരുന്നു. രോഹിത്ത് ശർമ്മയോടൊപ്പം ഏകദിനത്തിൽ മികച്ച ആക്രമണകാരിയായ ഓപ്പണറായിരുന്നു ധവാൻ.
34 ടെസ്‌റ്റുകളിൽ 40.61 ശരാശരിയിൽ 2315 റൺസ് ധവാൻ നേടിയിട്ടുണ്ട്. 190 ആണ് ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 167 മത്സരങ്ങളിൽ 6793 റൺസാണ് സമ്പാദ്യം. ഉയർന്ന സ്‌കോർ 143 ആണ്. ബാറ്റിംഗ് ശരാശരി 44.11ഉം. ടി20യിൽ 68 മത്സരങ്ങളിൽ 1759 റൺസാണ് നേടിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷവും ക്യാച്ചോ റൺഔട്ടോ നേടിയ ശേഷമോ കാലുയർത്തി കബഡി മത്സരത്തിലെ പോലെ തുടയിലടിച്ച് മീശപിരിച്ചുള്ള ആഘോഷം ധവാന് ഗബ്ബർ എന്ന വിളിപ്പേര് നൽകി. ബാറ്റിംഗിൽ അപകടകാരിയെങ്കിലും ജീവിതത്തിൽ തമാശകൾ ഇഷ്‌ടപ്പെടുന്നയാളാണ്. സമൂഹമാദ്ധ്യമങ്ങളിൽ അത്തരം വീഡിയോകൾ ധാരാളം ഷെയർ ചെയ്യാറുണ്ട് അദ്ദേഹം.
അന്താരാഷ്‌ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന വിവരം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിലവിൽ പഞ്ചാബ് കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ നായകനായ ധവാൻ കഴിഞ്ഞ സീസണും കളിച്ചിരുന്നു. ഐപിഎൽ മത്സരങ്ങളിൽ തുടരെ സെഞ്ച്വറി നേടുന്ന കളിക്കാരനാണ് ധവാൻ. ഡൽഹി ക്യാപിറ്റൽസ്, ഡൽഹി ഡെയർ ഡെവിൾസ്, ഡെക്കാൻ ചാർജേഴ്‌സ്, മുംബയ് ഇന്ത്യൻസ് എന്നീ ഫ്രാഞ്ചൈസികളിലും ഗബ്ബർ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനെ നയിക്കാനുള്ള അവസരവും ധവാന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |