തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെയും ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്കുകിഴക്കൻ ഉത്തർപ്രദേശിനും വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26ഓടെ പടിഞ്ഞാറൻ മദ്ധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത. തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനിടയുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്നാണ് അറിയിപ്പ്.
ഇന്നും നാളെയും വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |