കൊച്ചി: ഒരു നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ നേതൃനിരയിലെ വിവിധ ഗ്രൂപ്പുകളും വ്യക്തികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത് താരസംഘടനയായ 'അമ്മ'യെ പ്രതിരോധത്തിലാക്കി. മലയാള സിനിമയെ രണ്ട് പതിറ്റാണ്ടിലേറെയായി അടക്കി വാഴുന്ന സംഘടനയിലെ ഭാരവാഹികൾ തന്നെ പരസ്യമായ പ്രതികരണത്തിന് മുതിരുകയാണ്.
വേണ്ടപ്പെട്ടവരെ എന്തു വിലകൊടുത്തും സംരക്ഷിച്ചും ചോദ്യം ചെയ്യുന്നവരെയും വഴങ്ങാത്തവരെയും ചവിട്ടിയൊതുക്കിയും കൈകാര്യം ചെയ്ത ചരിത്രമാണ് പലപ്പോഴും അമ്മയ്ക്ക്. തിലകൻ, മാള അരവിന്ദൻ, പൃഥ്വിരാജ്, സംവിധായകൻ വിനയൻ തുടങ്ങിയവർ ഈ ധാർഷ്ട്യത്തിന്റെ ഇരകളാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാമേഖലയിൽ നടമാടുന്ന ലൈംഗികചൂഷണങ്ങളുടെ കഥകളാണ് വെളിച്ചത്തുവന്നത്. അതിനു പിന്നാലെ
രഞ്ജിത്തിനും സിദ്ദിഖിനും എതിരെ പീഡന പരാതികളെത്തി. ഇന്നലെ മുകേഷിനെതിരെയും ആരോപണമുയർന്നു. ഇതു തുടർന്നാൽ 'അമ്മ' കടുത്ത പ്രതിരോധത്തിലാകും. സംഘടനയുടെ അധിപത്യത്തിനും അത് തിരിച്ചടിയാകും.
2017ൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപ് സംശയനിഴലിൽ ആയപ്പോൾ സമാനമായൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ, അന്നത്തെ നേതൃത്വം ഇടപെട്ട് പൊട്ടിത്തെറി ഒഴിവാക്കി. ഇക്കുറി കാര്യങ്ങൾ കൈവിട്ടുപോകുമോ എന്നാണ് അംഗങ്ങളുടെ ആശങ്ക.
മുൻതലമുറയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളും പുതിയ തലമുറയിലുള്ളവരുടെ വിലക്കുകൾ വകവയ്ക്കാത്ത സമീപനവും ഒ.ടി.ടിയുടെ രംഗപ്രവേശവുമെല്ലാം അമ്മയുടെ ആധിപത്യത്തിന് വെല്ലുവിളിയാണ്. അമ്മയല്ല ആരെതിർത്താലും സിനിമ പിടിക്കാമെന്നും അത് ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നുമുള്ള വിശ്വാസം വളർന്നുവരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് അതിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |