ബംഗളൂരു: കൊലക്കേസ് പ്രതിയായ നടൻ ദർശൻ തൊഗുദീപയ്ക്ക് ജയിലിൽ സുഖവാസം. ഒരാളെ വീഡിയോ കോൾ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഞ്ഞ ടീ ഷർട്ട് ധരിച്ച ഒരാളോടാണ് സംസാരിക്കുന്നത്. ഇരുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
താരം ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. എന്തെങ്കിലും കഴിച്ചോ എന്ന് മറ്റേയാൾ നടനോട് ആംഗ്യ ഭാഷയിൽ ചോദിക്കുകയാണ്. ഇതുകണ്ട പുഞ്ചിരിക്കുന്ന ദർശൻ തലയാട്ടി മറുപടി നൽകി. കുറച്ച് നേരം സംസാരിച്ച ശേഷം ഫോൺ വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗുണ്ടാ നേതാവ് അടക്കമുള്ള മൂന്ന് പേർക്കൊപ്പം 'അടിച്ചുപൊളിക്കുന്ന' നടന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നാല് പേരും പ്ലാസ്റ്റിക് കസേരയിലിരിക്കുന്ന ചിത്രമാണ് നേരത്തെ പുറത്തുവന്നത്.
നാലുപേരുടെ മുഖത്തും നിറഞ്ഞ ചിരിയാണ്. രണ്ട് പേരുടെ കൈയിൽ ഒരു കപ്പുണ്ട്. കൂടാതെ സിഗരറ്റും കൈയിൽ പിടിച്ചിരിക്കുന്നത് കാണാം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ ഇപ്പോൾ ഉള്ളത്. ഈ ചിത്രം ആര് പകർത്തിയതാണെന്നോ, ആരാണ് പുറത്തുവിട്ടതെന്നോ വ്യക്തമല്ല.
ആരാധകനായ രേണുകസ്വാമിയെ ആണ് നടനും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതാണ് അരുംകൊലയിൽ കലാശിച്ചത്. ജൂൺ ഒൻപതിന് ബംഗളൂരുവിലെ സുമനഹള്ളിയിൽ വച്ചാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |