SignIn
Kerala Kaumudi Online
Friday, 08 November 2024 8.41 PM IST

മലമ്പ്രദേശങ്ങളെ തരം തിരിക്കണം പോകാൻ പറ്റുന്നിടം, പറ്റാത്തയിടം

Increase Font Size Decrease Font Size Print Page
john-mathai

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലടക്കം ഇനി എന്തു ചെയ്യണം? മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾ പൊട്ടലിനെക്കുറിച്ചു പഠിച്ച് ദുരന്തനിവാരണ അതോറിട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ച ദേശീയ ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നിരീക്ഷണം.

വയനാട്ടിൽ ഉയരം കൂടിയ ചെരിവുള്ള പ്രദേശങ്ങളിൽ ഇനിയും ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ട്. കുന്നിന്റെ ചെരിവ്, ഉയരവ്യത്യാസം, മേൽമണ്ണിന്റെ കനം, നീർച്ചാലുകളുടെ വിന്യാസം, മണ്ണിന്റെ സ്വഭാവം എന്നിവ മനസിലാക്കിയാണ് ഉരുൾ പൊട്ടൽ വിലയിരുത്തുക. മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലെ ചെരിവ് നാൽപ്പത് മുതൽ അറുപത് ഡിഗ്രി വരെയായിരുന്നു. ഇരുപത് ഡിഗ്രിക്ക് മുകളിൽ ചെരിവുള്ള മലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾ അതിർത്തി പങ്കിടുന്ന വയനാടൻ മലഞ്ചെരുവുകൾ ഏറെയും ഉരുപൊട്ടൽ സാദ്ധ്യതയുള്ളതാണ്. വയനാട്ടിലെ തൊണ്ടർനാട്, പടിഞ്ഞാറത്തറ, പൊഴുതന, വെള്ളമുണ്ട, വൈത്തിരി, തിരുനെല്ലി, തരിയോട്, മുപ്പൈനാട് തുടങ്ങിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ട്. അതിതീവ്ര മഴയത്ത് വെള്ളം ഇറങ്ങിപ്പോകാനുള്ള സാഹചര്യമുണ്ടാവണം. അതില്ലെങ്കിൽ വൻ ദുരന്തങ്ങളുണ്ടാകാം.

മുണ്ടക്കൈ പുഞ്ചിരിമട്ടത്തിനും മുകളിൽ വെള്ളോലിപ്പാറ മലയായിരുന്നു ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. പുഞ്ചിരിമട്ടത്ത് നിന്ന് ഒന്നേ മുക്കാൽ കിലോ മീറ്റർ അകലെയാണിത്. ദുരന്തദിവസം ഇവിടെ 372.6 മില്ലിമീറ്റർ മഴ പെയ്തു. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ അധികം മഴ പെയ്താൽ അത് അതിതീവ്രമഴയാണ്. മഴ ഉൾക്കൊള്ളാനാകാതെ വന്നപ്പോൾ ജലപൂരിതമായ മേൽമണ്ണും അതിനടിയിലെ ദ്രവിച്ച പാറക്കെട്ടും മല മുകളിൽ നിന്ന് താഴേക്ക് പൊട്ടിയൊഴുകി. മൂന്ന് കിലോ മീറ്റർ താഴെയുള്ള മുണ്ടക്കൈയും അഞ്ച് കിലോ മീറ്റർ താഴെയുള്ള ചൂരൽമലയും തുടച്ച് നീക്കി. ഉരുൾ പാറക്കെട്ടുകൾ, മരങ്ങൾ എന്നിവയ്‌ക്കൊപ്പം പുഞ്ചിരിമട്ടത്തേക്ക് കുത്തിയൊഴുകി. പാറക്കൂട്ടങ്ങളും മരത്തടികളും അടിഞ്ഞ് പുഞ്ചരിമട്ടത്ത് ഇരുപത് മീറ്ററോളം ആഴമുള്ള കയവും രൂപപ്പെട്ടു. പ്രഭവ കേന്ദ്രത്തിൽ നിന്നുള്ള ഉരുൾ ഇവിടെ വലിയൊരു തടാകം പോലെ രൂപം കൊണ്ടു. അത് ജലബോംബായി പൊട്ടി താഴേക്ക് പ്രവഹിച്ചു. ചുരുങ്ങിയത് അഞ്ച് ലക്ഷം ടൺ ഭാരമുള്ള മേൽ മണ്ണാണ് മലവെള്ളത്തിനൊപ്പം താഴ്വാരത്തേക്കൊഴുകിയത്. പുഴ വഴിമാറിയൊഴുകി. താഴ്വാരം ഇല്ലാതായി, ജനങ്ങളും. മേപ്പാടി പഞ്ചായത്തിലെ 32 ശതമാനം പ്രദേശങ്ങളിലും പ്രകൃതി ദുരന്ത സാദ്ധ്യതയുണ്ടെന്ന് പഠനത്തിലുണ്ട്. കൃത്യതയില്ലാത്ത പ്രകൃതി ദുരന്ത മുന്നറിയിപ്പും പുഴയോരങ്ങളോട് ചേർന്നുള്ള നിർമ്മിതികളും അശാസ്ത്രീയ ഭൂവിനിയോഗവും ദുരന്തത്തിന്റെ ആഘാതവും വ്യാപ്തിയും വർദ്ധിപ്പിച്ചു.

മോക്ഡ്രില്ലും ബോധവത്കരണവും വേണം

 ദുരന്തസാദ്ധ്യത പ്രദേശവാസികളെ ബോദ്ധ്യപ്പെടുത്തണം. ബോധവത്കരണം അനിവാര്യം. കാലവർഷത്തിന് മുന്നോടിയായി മോക്ഡ്രിൽ സംഘടിപ്പിക്കണം.

 'ഗോ','നോ ഗോ' എന്നിങ്ങനെ മലമ്പ്രദേശങ്ങളെ തരം തിരിച്ചാൽ കാര്യം എളുപ്പമാകും

 പരിസ്ഥിതി സൗഹാർദ്ദപരമായ നിർമ്മാണം പ്രോത്സാഹിപ്പിക്കണം.

 ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തി വാസയോഗ്യമായ ഇടങ്ങൾ കണ്ടെത്തണം. ഉരുൾ പൊട്ടൽ ഭൂപടം തയ്യാറാക്കണം.

 തദ്ദേശസ്ഥാപനങ്ങൾ ദുരന്തനിവാരണ നയം രൂപീകരിക്കണം. രക്ഷാ പ്രവർത്തനത്തിനടക്കം ദുരന്തനിവാരണ നയരേഖ തയ്യാറാക്കണം.

 പുതിയ ടൂറിസം പദ്ധതികൾ നിയന്ത്രിക്കണം

 ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കണം

 ജിയോളജിസ്റ്റ്, ജിയോ ടെക്നിക്കൽ എൻജിനിയർ, മണ്ണ് സംരക്ഷണ വിദഗ്‌ദ്ധൻ എന്നിവരടങ്ങിയ ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കണം.

 അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കഴിയുന്നതും കുറച്ച് കാലം മാറി താമസിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.