കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ കനവ് മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യ നീക്കം പരിസരവാസികൾ തടഞ്ഞു. പെരിഞ്ഞനം വെസ്റ്റ് കാണിവളവിലെ പ്ലാന്റിലേക്ക് മാലിന്യങ്ങളുമായി വന്ന വാഹനങ്ങൾ തടഞ്ഞു. മാലിന്യ നിറച്ച ചാക്കുകൾ ഇറക്കാനും അനുവദിച്ചില്ല. സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാറിനെ ഉപരോധിച്ചു. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റിൽ കൃത്യമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ചാക്കുകെട്ടുകൾ കുന്നുകൂട്ടിയിട്ട് വൻ മാലിന്യമലയായി മാറിയിരിക്കുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം മൂലം ഛർദ്ദിയുൾപ്പെടെയുള്ള പകർച്ചവ്യാധി ഭീതിയിലാണ് പരിസരവാസികൾ. ഇതേത്തുടർന്നാണ് പരിസരവാസികൾ മാലിന്യനീക്കം തടഞ്ഞത്. നിലവിൽ സംഭരിച്ച മാലിന്യങ്ങൾ സംസ്‌കരിച്ച ശേഷമെ 'കനവ്' ലേക്ക് മാലിന്യങ്ങൾ കൊണ്ടുവരൂവെന്ന ഉറപ്പിലാണ് കുഞ്ഞുകുട്ടികളും സ്ത്രീകളും വയോധികരമടങ്ങുന്ന പരിസരവാസികൾ പിരിഞ്ഞുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |