ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശത്തിന് എത്തിയതിന് പിന്നാലെ, ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കി സിംഗപ്പൂർ കമ്പനിയുടെ വമ്പൻ പ്രഖ്യാപനം.
സിംഗപ്പൂരിലെ ആഗോള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ ക്യാപിറ്റലാൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി (സി.എൽ.ഐ ) 2028ഓടെ ഇന്ത്യയിലെ നിക്ഷേപം 90,280 കോടി രൂപയായി വർദ്ധിപ്പിക്കും. നിലവിൽ ഇന്ത്യയിൽ 45,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിൽ ബിസിനസ് പാർക്ക് വികസനത്തിന് 6000 കോടിയുടെ ഫണ്ടും കമ്പനി ആരംഭിച്ചിരുന്നു.
കമ്പനി നിക്ഷേപം ഇരട്ടിയാക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മത്സരം വർദ്ധിക്കുന്നതോടെ നിലവാരമുള്ള പദ്ധതികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാകും.
സി.എൽ.ഐ ഇന്ത്യയിൽ എത്തിയതിന്റെ 30-ാം വർഷമാണിത്.
മോദിയുടെ അഞ്ചാം സന്ദർശനം
ഇന്നലെ ബ്രൂണെയിൽ നിന്നാണ് മോദി അഞ്ചാം സന്ദർശനത്തിന് സിംഗപ്പൂരിൽ എത്തിയത്. ലയൺ സിറ്റിയിൽ ആഭ്യന്തര-നിയമ മന്ത്രി കെ ഷൺമുഖം മോദിയെ സ്വീകരിച്ചു. ഇന്ന് പാർലമെന്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രി ലോറൻസ് വോങ്, പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, മുൻ പ്രധാനമന്ത്രിമാരായ ലീ സിയാൻ ലൂങ്, ഗോ ചോക് ടോങ്, സെമികണ്ടക്ടർ വ്യവസായ പ്രമുഖർ തുടങ്ങിയവരുമായി ചർച്ച നടത്തും. സെമികണ്ടകടർ ഫാക്ടറിയും സന്ദർശിക്കും. പ്രധാനമന്ത്രി ലോറൻസ് വോംഗ് ഇന്നലെ മോദിക്ക് വിരുന്നൊരുക്കി.
ഒപ്പിടുന്ന കരാറുകൾ
തന്ത്രപരമായ പങ്കാളിത്തം, സമുദ്രസുരക്ഷ, വ്യാപാരം, നിക്ഷേപം, ഡിജിറ്റൈസേഷൻ, ആരോഗ്യം, ഉൽപ്പാദനം, കണക്ടിവിറ്റി. സിംഗപ്പൂർ കമ്പനികൾ ഇന്ത്യൻ യുവാക്കൾക്ക് സെമികണ്ടക്ടർ മേഖലയിൽ പരിശീലനം നൽകി റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറും പ്രധാനം
വ്യാപാര പങ്കാളിത്തം
ആസിയാൻ രാജ്യങ്ങളിൽ ഇന്ത്യയുടെ മുഖ്യ വ്യാപാര പങ്കാളി.
2024ൽ ഇറക്കുമതി 1,78,000 കോടി രൂപ.
ഇന്ത്യയുടെ കയറ്റുമതി 1,21,000കോടി രൂപ
2023ൽ ഇന്ത്യയിലെ നിക്ഷേപം 99,000 കോടി രൂപ
2000ത്തിന് ശേഷം നിക്ഷേപം 14ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |