കോലഞ്ചേരി: തട്ടികൂട്ടി കുഴികൾ നികത്തിയതോടെ നെല്ലാട് കിഴക്കമ്പലം റോഡിൽ യാത്ര അതി കഠിനം. നാളുകളായി കുഴി മാത്രമായി കിടന്ന റോഡിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. ആദ്യ ഘട്ടത്തിൽ വലിയ കുഴികൾ നികത്താനായിരുന്നു നിർദ്ദേശം. എന്നാൽ നിലവിൽ ജി.എസ്.ബി മിശ്രിതം ഉപയോഗിച്ച് റോഡിൽ ഏതാനും ഭാഗത്തെ കുഴികൾ നികത്തിവരികയാണ്. മറ്റിടങ്ങളിൽ ഇന്റർ ലോക്ക് കട്ട വിരിക്കാനാണ് പദ്ധതി.
കട്ട വിരിക്കേണ്ട ഭാഗത്ത് റോഡ് ഒരടിയോളം താഴ്ത്തിയ ശേഷമാണ് പണി നടക്കുന്നത്. കട്ട വിരിക്കേണ്ട സ്ഥലങ്ങൾ പലയിടങ്ങളിലായി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതറിയാതെ എത്തുന്ന വാഹനങ്ങൾ കട്ടിംഗിൽ വീഴുന്നത് നിരവധി അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
മഴ പൂർണമായും മാറാതെ ടാറിംഗ് തുടങ്ങില്ലെന്നാണ് കരാറുകാരന്റെ നിലപാട്. ഇതോടെ പ്രദേശത്താകെ മഴവെള്ളം നിറഞ്ഞു കിടക്കുന്നു. കുഴിയിൽ മെറ്റലിട്ട് മുകളിൽ ജി.എസ്.ബി നിറച്ചതോടെ റോഡും ചെളിക്കുളമാണ്.
വലിയ കുഴി ഒഴിവായതോടെ ബസുകളും ലോറികളും അമിത വേഗതയിലാണ് പോക്ക്. ഇതിനാൽ വെള്ളത്തിലെ ചെളി കാൽനട യാത്രക്കാരുടെ ദേഹത്ത് വീഴും.
കുഴികളിലിട്ട മെറ്റൽ ഇളകി നിൽക്കുന്നതിനാൽ ഇരു ചക്ര വാഹനങ്ങൾക്ക് അപകടസാദ്ധ്യത കൂടുതലാണ്.
ഫണ്ടൊഴുക്കിയിട്ടും നന്നാകാതെ റോഡ് അറ്റകുറ്റ പണിയും പുനർ നിർമ്മാണവുമൊക്കെയായി ഏഴു വർഷംകൊണ്ട് റോഡിന് അനുവദിച്ചത് 50 കോടിയോളമാണ്. എന്നാൽ റോഡിലെ കുഴികൾക്ക് യാതൊരു കുറവുമില്ല. ഇതേറോഡിന് കിഫ്ബി വഴി നിർമ്മാണത്തിനായി 32.6 കോടി രൂപയാണ് 2018ൽ വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി മനക്കക്കടവ് പള്ളിക്കര, പട്ടിമറ്റം പത്താംമൈൽ റോഡുകളുടെ പണി പൂർത്തിയാക്കി. കിഴക്കമ്പലം നെല്ലാട് റോഡ് പണി കരാറുകാരൻ ഉപേക്ഷിച്ചു. വീണ്ടും പത്ത് കോടി റോഡ് അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു. പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലംവരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റംവരെ 1.10 കോടിയും അറ്റകുറ്റപ്പണിക്ക് അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. വീണ്ടും 1.59 കോടിരൂപകൂടി അനുവദിച്ചു. എന്നാൽ ആദ്യമാദ്യം അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയപടിയായി. നിലവിൽ വീണ്ടും 10 കോടി കൂടി അനുവദിച്ചാണ് നിർമ്മാണം നടക്കുന്നത്.
ഓണക്കാലമടുത്തതോടെ വ്യാപാരികളെയാണ് റോഡിന്റെ ശോച്യാവസ്ഥ ഏറെ ബാധിക്കുന്നത്. ഏറെ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് റോഡ് അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണം.
വി.ജി. പ്രദീഷ്
ജില്ലാ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
റോഡ് നിർമ്മാണം നടക്കുന്ന പ്രദേശത്ത് മുൻകരുതൽ നിർദ്ദേശങ്ങളോ ആവശ്യത്തിനുള്ള സുരക്ഷസംവിധാനങ്ങളോ ഇല്ല.
ഹനീഫ കുഴുപ്പിള്ളി
മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ് പട്ടിമറ്റം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |