മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയ്‌ക്കെതിരെ കടുത്ത പരാമർശങ്ങളുമായി റെഡ് ആർമി ഫേസ്‌ബുക്ക് പേജ്. പി.ശശിയ്‌ക്കെതിരെ ആർജ്ജവമുള്ള തീരുമാനം പാർട്ടിയും മുഖ്യമന്ത്രിയും കൈക്കൊള്ളുമെന്ന് കരുതുന്നതായാണ് പേജിലെ കുറിപ്പിൽ പറയുന്നത്. 'സർക്കാരിനെയും പാർട്ടിയെയും പൊതുജനങ്ങൾക്ക് മുന്നിൽ അവഹേളിക്കുന്ന സാഹചര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ഓശാന പാടിയ ഇതുപോലുള്ള വർഗ്ഗവഞ്ചകരെ ഇനിയും ഒരുകാരണവശാലും ആ സ്ഥാനത്ത് തുടരാൻ അല്ലെങ്കിൽ പാർട്ടിയിൽ തന്നെ വച്ചുപൊറുപ്പിക്കരുത്.' പേജിൽ കുറിച്ചിരിക്കുന്നു. ഒരുപാട് പ്രവർത്തകരുടെ പ്രതീക്ഷയാണ് പാർട്ടിയെന്നും അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്നുണ്ടായാലും അത് വച്ചുപൊറുപ്പിക്കരുതെന്നും റെഡ് ആർമി പേജിലെ കുറിപ്പിലുണ്ട്.
അതേസമയം, സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും വിമർശനമുണ്ടായി. ഓഫീസിനെയും പൊലീസിനെയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയർന്നത്. അൻവറിന്റെ ആരോപണത്തിലെ വസ്തുത അറിയണമെന്നും ഈ ആവശ്യം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം ഉയർന്നു.
പി.വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ അൻവറിന്റെ ആരോപണം തന്നെയാകും ചർച്ചയാകുക. മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സി പി എമ്മും അന്വേഷണം നടത്തുമെന്നാണ് സൂചന. ആരോപണവിധേയരായ എ ഡി ജി പിയേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന സർക്കാരിന്റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങൾക്കിടെയാണ് പാർട്ടിയുടെ ഇടപെടൽ.
മുഖ്യമന്ത്രിക്ക് എഴുതി നൽകിയ ആരോപണങ്ങളുടെ പകർപ്പ് അൻവർ ഇന്നലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നൽകിയിരുന്നു. കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഗോവിന്ദൻ വിഷയം അവതരിപ്പിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |