തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പെളിറ്റിക്കൽ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരായ പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ ചുവട് പിടിച്ച് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. അൻവറിന്റെ കടുത്ത ആരോപണങ്ങൾ വീണ് കിട്ടിയ ആയുധമെന്ന നിലയിൽ സർക്കാരിനെതിരായ രാഷ്ട്രീയ പ്രതിരോധമാക്കുകയാണ് ലക്ഷ്യം.
ഇന്നലെ സമാനവിഷയത്തിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു. യൂത്ത് കോൺഗ്രസിന്റെ സമരസ്ഥലത്തേക്ക് ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനടക്കമുള്ള മുതിർന്ന നേതാക്കളെത്തി.ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ കാണാൻ എ.ഡി.ജി.പി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചുവെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം നിശേധിക്കാൻ സി.പി.എമ്മോ,അജിത് കുമാറോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിലൂടെ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവമെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇതിന് പുറമേ തൃശൂർ പൂരം കലക്കൽ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം, ഫോൺ ചോർത്തൽ എന്നീ ആരോപണങ്ങളിൽ നിജസ്ഥിതി
വെളിപ്പെടുത്തേണ്ട ബാദ്ധ്യതയും സക്കാരിനുണ്ട്.
അൻവറും മുഖ്യമന്ത്രിയും
ഒത്തുതീർപ്പിലെത്തിയാൽ
പ്രശ്നം തീരില്ല: കെ.എം.ഷാജി
കോഴിക്കോട്: പി.വി അൻവർ എം.എൽ.എയും മുഖ്യമന്ത്രിയും ഒത്തുതീർപ്പിലെത്തിയാൽ തീരുന്ന പ്രശ്നമല്ല ഇപ്പോഴുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി.മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കുറച്ചുകാണാൻ പറ്റില്ല. ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം വേണം. സുജിത് ദാസിനെയും എ.ഡി.ജി.പിയെയും പൂട്ടാനുള്ള തെളിവ് അൻവറിന്റെ കൈയിലുണ്ട്. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് പി. ശശിയുടെ അടുത്തുണ്ട്. കഴിഞ്ഞയാഴ്ച വരെ എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നയാൾ പരാതി നൽകി മുഖ്യമന്ത്രിയെ കണ്ടതോടെ മാദ്ധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്. പരാതി കൊടുത്താൽ ഉത്തരവാദിത്വം തീർന്നുവെന്നാണ് അൻവർ പറയുന്നത്. ബേജാറായിട്ടാണ് അൻവർ മുഖ്യമന്ത്രിയെ കണ്ട് എല്ലാം കോംപ്രമൈസാക്കിയത്.
പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളി
കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളിൽ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജോർജ് വട്ടുക്കുളം സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റേത് പ്രശസ്തി ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
അൻവറിനെതിരെ
പരാതിയുമായി ഷോൺ
കോട്ടയം : കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടി പി.വി. അൻവറിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ഇന്നലെ ഇ - മെയിൽ വഴിയാണ് പരാതി നൽകിയത്. എ.ഡി.ജി.പി എം.ആർ അജിത് കുമാർ, എസ്.പി സുജിത് ദാസ് എന്നിവരുടെ ക്രിമിനൽ പ്രവൃത്തികളെക്കുറിച്ച് അൻവറിന് അറിവുണ്ടായിട്ടും കോടതിയെയോ, പൊലീസിനെയോ സമീപിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
മാമി തിരോധാനക്കേസ് സി.ബി.ഐക്ക് വിട്ടേക്കും
മലപ്പുറം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മാമിയുടെ(മുഹമ്മദ് ആട്ടൂർ) തിരോധാനക്കേസ് സി.ബി.ഐക്ക് വിടാൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായി മലപ്പുറം എസ്.പി എസ്.ശശിധരൻ. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണിത്. പൊലീസ് അന്വേഷണം നല്ല രീതിൽ തന്നെയായിരുന്നു നടന്നതെന്നും എം.എൽ.എ പി.വി. അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നാണ് മാമിയെ കാണാതാവുന്നത്. അദ്ദേഹത്തെ കൊലപ്പെടുത്തിയതാവാം എന്ന അൻവറിന്റെ ആരോപണത്തെ തുടർന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.
എ.എസ്.ഐയുടെ ആത്മഹത്യ:
എസ്.പിക്കെതിരെ വെളിപ്പെടുത്തൽ
യു.ജെ.ജിജി
മലപ്പുറം: എടവണ്ണയിൽ എ.എസ്.ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ വെളിപ്പെടുത്തലുമായി സുഹൃത്ത് എടവണ്ണ സ്വദേശി നാസർ. മരിക്കുന്നതിനു തലേദിവസം പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് നാസർ പറഞ്ഞു. ശ്രീകുമാർ 2021 ജൂൺ 10നാണ് ആത്മഹത്യ ചെയ്തത്.
പിടികൂടുന്ന പ്രതികളെ മർദ്ദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അതുചെയ്യാതെ വന്നപ്പോൾ ഇടയ്ക്കിടെ സ്ഥലംമാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചു. എസ്.പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്ന് ശ്രീകുമാർ തന്നോടു പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ ബുക്കിൽ നിന്ന് ചില കടലാസുകൾ പൊലീസ് കീറിക്കൊണ്ടുപോയി. ആത്മഹത്യാക്കുറിപ്പാണ് കീറിക്കൊണ്ട് പോയതെന്ന് കരുതുന്നു.
ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതിവയ്ക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. പൊലീസിനെതിരെ വിരൽചൂണ്ടാതിരിക്കാനാണ് ആത്മഹത്യാക്കുറിപ്പടക്കം എടുത്തു കൊണ്ടുപോയത്. ശ്രീകുമാറിന്റെ കുടുംബത്തെ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിരുന്നു. ശ്രീകുമാറിന്റെ ഭാര്യ പൊലീസ് സേനയിലായതിനാൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് കരുതിയാണ് മറ്റു നടപടികളിലേക്ക് കടക്കാതിരുന്നത്. മിക്കവാറും പൊലീസുകാരെല്ലാം സുജിത് ദാസ് കാരണം പോവുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ മൊഴി നൽകുമെന്നും നാസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |