ചോറ്റാനിക്കര: സ്വന്തം വീട്ടിലെ പൂജാമുറിയിൽ ഗണപതിക്ക് ക്ഷേത്രം പണിത് വിനായക ചതുർത്ഥി ആഘോഷിക്കുകയാണ് ചോറ്റാനിക്കര ദേവി പ്രസാദം വീട്ടിൽ രഘുനാഥ മേനോൻ. ചതുർത്ഥി ദിവസം 'വീട്ടിലെ ഗണപതി" എന്നറിയപ്പെടുന്ന ഇവിടത്തെ ഗണപതിയെ ദർശിക്കുന്നത് വിശേഷമാണ്. ഭാര്യയായ സിദ്ധലക്ഷ്മി സമേതനായ മഹാഗണപതിയാണ് പ്രതിഷ്ഠ.
സിദ്ധിവിനായകനായ ഗണപതി രഘുനാഥ മേനോന്റെ വീട്ടിലെത്തിയിട്ട് 15 വർഷമായി. ഒരു തഞ്ചാവൂർ യാത്രയിൽ തമിഴ്നാട്ടിലെ ഗണപതി അഗ്രഹാരത്തിൽ കണ്ടുമുട്ടിയ സന്യാസിക്ക് ഭിക്ഷ നൽകിയപ്പോൾ രഘുനാഥമേനോന്റെ ഭാര്യ ജിനിയോട് സന്യാസിയുടെ ചോദിച്ചു 'പുള്ളയാരെ പുടിക്കുമോ?" ചോദ്യം മനസ്സിലായില്ലെങ്കിലും അനുകൂല ഭാവത്തിൽ തലയാട്ടിയ ജിനിമോൾക്ക് ഭാണ്ഡക്കെട്ടിൽ നിന്ന് പച്ചനിറത്തിലുള്ള തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന മഹാഗണപതിയെ സമ്മാനിച്ചു.
10 കൈകളും സിദ്ധലക്ഷ്മിയുമുള്ള ഗണപതി വിഗ്രഹം അപൂർവമായിരുന്നു. വീട്ടിലെ സ്വീകരണ മുറിയിൽ ഗണപതിയെ ഇരുത്തി. 2019ൽ പ്രതിഷ്ഠാ കലശം നടത്തുവാൻ തീരുമാനിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് 25 വർഷത്തിലധികം കൈലാസ ദർശനം നടത്തിയ ബാലകൃഷ്ണസ്വാമികൾ യാദൃച്ഛികമായി രഘുനാഥ മേനോന്റെ വീട്ടിലെത്തിയതും ഗണപതിയുടെ പ്രതിഷ്ഠാ കർമ്മം നടത്തിയതും. എല്ലാ മാസവും ചതുർത്ഥി ദിനത്തിൽ വിശേഷാൽ പൂജകളും ഗണപതി ഹോമവും ഇവിടെ നടക്കുന്നു.
'വീട്ടിലെ ഗണപതി"യുടെ വിനായക ചതുർത്ഥി ആഘോഷം സെപ്തംബർ 7ന് നടക്കും. രാവിലെ 5.30 മുതൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം. 6 മുതൽ ഉദയാസ്തമയ പൂജ, 9ന് ഗജപൂജയും ആനയൂട്ടും.
വൈകിട്ട് 5 മുതൽ ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, 6.30ന് ദീപാരാധന, വൈകിട്ട് 8 മുതൽ കഥകളി- കഥ കുചേലവൃത്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |