ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർതലത്തിലെ ഓണാഘോഷം ഒഴിവാക്കിയതിനു പിന്നാലെ, നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങൾ പോലും വ്യാപകമായി റദ്ദാക്കപ്പെട്ടത് ഓണവിപണിയെ പ്രതികൂലമായി ബാധിച്ചു. വസ്ത്രവിപണിയിലാണ് ഏറ്റവും തിരിച്ചടിയുണ്ടായത്. ഇതോടെ സീസൺ മുന്നിൽ കണ്ട് എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് പൂർണമായി വിറ്റഴിക്കപ്പെടുമോ എന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
സാധാരണ തിരുവോണത്തിന് അഞ്ചുദിവസം മുമ്പെങ്കിലും ഓണപ്പരീക്ഷ അവസാനിക്കുന്നതായിരുന്നു പതിവ്. ഇതോടെ വിപണി ഉഷാറാകുമായിരുന്നു. എന്നാൽ ഇത്തവണ ഉത്രാടത്തലേന്നാണ് സ്കൂൾ അടയ്ക്കുന്നത്. പരീക്ഷ നടക്കുന്ന കാലയളവിൽ ഭൂരിഭാഗം കുടുംബങ്ങളും ഓണക്കോടി വാങ്ങാനിറങ്ങില്ല. തിരുവോണത്തിന് പത്ത് ദിവസം മാത്രം ശേഷിക്കുമ്പോളും
വസ്ത്രശാലകളിലെല്ലാം പതിവ് സീസണേക്കാൾ തിരക്ക് കുറവാണ്. ഉത്രാടപ്പാച്ചിലിലാണ് ഇനി വ്യാപാരികളുടെ പ്രതീക്ഷ.
ട്രെൻഡായി കലംകാരി
ഇത്തവണത്തെ ഓണം ട്രെൻഡ് കലംകാരി ഡിസൈനാണ്. കലംകാരി ഫാമിലി കോംബോ വസ്ത്രങ്ങളുൾപ്പെടെ വിപണിയിലെത്തിയിട്ടുണ്ട്. കലംകാരി ഷർട്ട്, അതേ കരയിലെ മുണ്ട്, സാരി, ബ്ലൗസ്, കുട്ടികളുടെ വസ്ത്രം എന്നിവയടങ്ങിയതാണ് കോംബോ പാക്കേജ്. ഈ ഐറ്റത്തിന് ആവശ്യക്കാർ വർദ്ധിക്കുന്നുണ്ടെങ്കിലും, അതനുസരിച്ച് സ്റ്റോക്കില്ലാത്തതാണ് വെല്ലുവിളി. ഫ്ലോറൽ പ്രിന്റിൽ ചൈനീസ് കോളർ കുർത്തി ഷർട്ടാണ് കലാലയങ്ങളിലെ ഓണാഘോഷത്തിന് ആൺകുട്ടികൾ കൂടുതലായി വാങ്ങുന്നത്. പുത്തൻ ഡിസൈൻ സെറ്റുമുണ്ടുകളോടാണ് പെൺകുട്ടികൾക്ക് പ്രിയം.
കുട്ടികളുടെ പരീക്ഷ അവസാനിക്കുന്നത് ഓണത്തോടടുത്ത ദിവസമായത് വലിയ തിരിച്ചടിയായി. പതിവ് പോലെ വിപണിയിൽ ഉണർവില്ലാത്തതിനാൽ വ്യാപാരികൾ ധർമ്മസങ്കടത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് സീസൺ മുന്നിൽകണ്ട് ഇറക്കിയിരിക്കുന്നത്
- പ്രവീൺ രാമഭദ്രൻ, എസ്.പി ഫാഷൻസ്, മുല്ലയ്ക്കൽ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |