മലപ്പുറം: കരിപ്പൂരിൽ സ്വർണക്കടത്തിന് പിടിക്കപ്പെടുന്ന വനിതകളെ ഐ.പി.എസുകാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പി.വി, അൻവർ എം.എൽ.എ ആരോപിച്ചു. പലരും ലൈംഗിക വൈകൃതമുള്ളവരാണ്. ജാമ്യത്തിലിറങ്ങിയാൽ കാമഭ്രാന്തന്മാരെ പോലെ പിന്തുടരുന്നു. അത്രയും വൃത്തികെട്ട നെട്ടോറിയസാണ് ഈ ഉദ്യോഗസ്ഥർ. ഇരകളായ നിരവധി സ്ത്രീകളുണ്ട്. അവർക്ക് ധൈര്യം നൽകി കാര്യങ്ങൾ പുറത്തെത്തിക്കാനാണ് ശ്രമമെന്നും പി.വി.അൻവർ പറഞ്ഞു.
അതേസമയം സ്വർണക്കടത്തിൽ എ.ഡി.ജി.പി അജിത് കുമാർ, മലപ്പുറം മുൻ എസ്.പി സുജിത് ദാസ് എന്നിവർക്കെതിരെയടക്കം മുഖ്യമന്ത്രിക്ക് നൽകിയ 14 പരാതികളിൽ തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് മൊഴി നൽകി പി.വി.അൻവർ എം.എൽ.എ. രാവിലെ 11ഓടെ ഗസ്റ്റ് ഹൗസിലെത്തിയ അൻവർ മാദ്ധ്യമങ്ങളെ കണ്ടശേഷം മൊഴിയെടുക്കാനായി അകത്തേക്ക് പോയി. 11.15ന് തുടങ്ങിയ മൊഴിയെടുപ്പ് പൂർത്തിയായത് രാത്രി 8.45ന്. ഉച്ച ഭക്ഷണത്തിന് പോലും സമയം കളയാതെ ആയിരുന്നു മൊഴിയെടുപ്പ്. ഉച്ചയ്ക്ക് വടയും ചായയിലും ഭക്ഷണമൊതുക്കി. വൈകിട്ടും ചായയും ബിസ്‌ക്കറ്റും മാത്രം. മൊഴിയെടുപ്പ് ഇടയ്ക്ക് വെച്ച് നിറുത്തേണ്ടെന്ന പി.വി.അൻവറിന്റെ അഭിപ്രായം ഡി.ഐ.ജിയും അംഗീകരിച്ചു. ഒമ്പത് മണിയോടെ പുറത്തേക്ക് വന്ന അൻവർ വീണ്ടും മാദ്ധ്യമങ്ങളെ കണ്ട് എ.ഡി.ജി.പി അജിത്കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം നടത്തി.
സ്വർണക്കടത്തിൽ എ.ഡി.ജി.പി, മലപ്പുറം മുൻ എസ്.പി സുജിത് ദാസ് എന്നിവരുടെ പങ്ക്, എടവണ്ണ റിദാൻ വധക്കേസിലെ പൊലീസ് ബന്ധം, മലപ്പുറം എസ്.പി. ഓഫിസിലെ മരംമുറി തുടങ്ങിയ പരാതികളാണ് അൻവർ മുഖ്യമന്ത്രിക്ക് നൽകിയിരുന്നത്. താൻ ശേഖരിച്ച എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |