ന്യൂഡൽഹി: പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതായി റിപ്പോർട്ട്. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് വിലകുറയ്ക്കാനുളള നീക്കം നടക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തിയത്. എന്നാൽ ഇന്ധനവില കുറയുന്നത് എപ്പോൾ മുതലാണെന്ന് വ്യക്തമല്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് വില താഴ്‌ന്നെങ്കിലും ഇന്ധനവില കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല. കേരളം ഉൾപ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്. ഡീസലിനും നൂറുരൂപയ്ക്കടുത്തുതന്നെയാണ് വില. ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കും.
ചൈനയിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യം എണ്ണ ഉപഭോഗം കുറയ്ക്കുകയാണ്. അമേരിക്കയിൽ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാർത്തകളും ഉത്പാദനം നിയന്ത്രിക്കാനുള്ള ഒപ്പെക് രാജ്യങ്ങളുടെ തീരുമാനവും ക്രൂഡിന് പിന്തുണയായില്ല. ഇതോടെ പൊതു മേഖല കമ്പനികളുടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടു. എണ്ണ വില 90 ഡോളറിനടുത്ത് തുടർന്നതിനാൽ ഒരു വർഷത്തിലധികമായി കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് വില കുറഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലർമാർ പറയുന്നു.
ആഗോളതലത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ആവശ്യകതയുടെ 87 ശതമാനത്തിലധികം വിദേശ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. റഷ്യ ഉൾപ്പെടെയുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിതരണക്കാരിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |