കല്ലമ്പലം: നാവായിക്കുളത്തും മണമ്പൂരിലും പൊതുശ്മശാനം വേണമെന്ന ആവശ്യം ശക്തമായിട്ട് അരനൂറ്റാണ്ടിലേറെയായി. മണമ്പൂർ പഞ്ചായത്തിലെ ചില വാർഡുകളിൽ ശ്മശാനം നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തിയെങ്കിലും ജനങ്ങളുടെ എതിർപ്പു മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വർക്കല ബ്ലോക്കിന് കീഴിലുള്ള മണമ്പൂർ കൂടാതെ ഇടവ, ഇലകമൺ, ചെറുന്നിയൂർ, വെട്ടൂർ, ചെമ്മരുതി, ഒറ്റൂർ പഞ്ചായത്തുകളിലും നാട്ടുകാരുടെ എതിർപ്പു മൂലമാണ് ശ്മശാന നിർമ്മാണം നടക്കാതെ പോകുന്നത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പള്ളിക്കൽ, മടവൂർ, നഗരൂർ, കരവാരം പഞ്ചായത്തുകൾ കിളിമാനൂരിൽ നിർമ്മിച്ച പൊതുശ്മശാനത്തിൽ പങ്കാളികളായെങ്കിലും നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വിമുഖത കാട്ടിയിരുന്നു.
നാവായിക്കുളം പഞ്ചായത്തിൽ പൊതുശ്മശാനം അത്യന്താപേക്ഷിതമാണ്. നാവായിക്കുളം തുമ്പോട് റോഡിൽ തട്ടാൻകുന്ന് പ്രദേശത്ത് അര നൂറ്റാണ്ടിനു മുമ്പ് പ്രവർത്തിച്ചിരുന്ന ശ്മശാനം ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് ഇതിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
പാളിയ പദ്ധതി
2021 ൽ മണമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ശ്മശാനം നിർമ്മിക്കാൻ ധാരണയായെങ്കിലും നാട്ടുകാരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ജനസാന്ദ്രത ചൂണ്ടിക്കാട്ടി ശ്മശാന നിർമ്മാണത്തിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകുകയുമുണ്ടായി. ഇതോടെ പദ്ധതി അവതാളത്തിലായി.
ഫണ്ടുണ്ടെങ്കിലും...
30 ലക്ഷത്തിനുമേൽ ചെലവ് വരുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിലും ഫണ്ടുണ്ടെങ്കിലും പ്രൊപ്പോസൽ പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പുതന്നെ പ്രതിഷേധവും ഉയരുന്നതാണ് പ്രധാന തടസം. ബ്രാഹ്മണ സമൂഹത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള നാവായിക്കുളം തട്ടാൻകുന്നിലെ ശ്മശാന ഭൂമി ഏറ്റെടുത്ത് ഇതിനായി വിനിയോഗിക്കുകയോ മറ്റെന്തെങ്കിലും സംരംഭത്തിന് ഉപയോഗപ്പെടുത്തുകയോ വേണമെന്ന ആവശ്യവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |