കോട്ടയം : വില കൂടുന്നതിന്റെ സൂചനകാട്ടിയ റബർ വിപണി വീണ്ടും നിലംപൊത്തി. നാലാം ഗ്രേഡ് റബറിന് വ്യാപാരി വില കിലോയ്ക്ക് 224 ഉം, അഞ്ചിന് 221 രൂപയായും കുറഞ്ഞു. കഴിഞ്ഞമാസം തുടക്കത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 247 ലെത്തിയിരുന്നു. ഇതോടെ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ഈ സമയങ്ങളിൽ റബർ ഷീറ്റിന് ക്ഷാമം രൂക്ഷമായതോടെ 255 രൂപയ്ക്ക് രെ കോട്ടയം മാർക്കറ്റിൽ വ്യാപാരം നടന്നിരുന്നു. എന്നാൽ പെട്ടെന്ന് വില കുത്തനെ ഇടിയുകയായിരുന്നു. ഉത്പാദനചെലവിന് അനുസരിച്ച് വില ഉയരാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ഉത്പാദനത്തെ ബാധിക്കുകയാണ്. വിലയിടിവ് മൂലം പലരും മറ്റ് കൃഷികളിലേക്ക് തിരിയാൻ തുടങ്ങി. ഉത്പാദന ചെലവ് കുറയ്ക്കാൻ കർഷകർ ചിരട്ടയിൽ പാൽ ഉറത്തെടുക്കുന്നതിലേക്ക് തിരിയുന്നുണ്ട്. കൂലിച്ചെലവും ആവശ്യമില്ല.
സ്റ്റോക്ക് വിറ്റഴിക്കാൻ വ്യവസായികളുടെ സമ്മർദ്ദം
വ്യാപാരികളുടെയും കർഷകരുടെയും കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനായി വ്യവസായികൾ സമ്മർദം ചെലുത്തിയതോടെയാണ് വില ഇടിഞ്ഞത്. ഇതിനുപിന്നാലെ ടയർ കമ്പനികൾ ഇറക്കുമതിക്കായി ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തിയതും തിരിച്ചടിയായി. കണ്ടെയ്‌നർ കപ്പൽ ലഭ്യത കുറഞ്ഞതോടെയാണ് റബർ ഇറക്കുമതി നിലച്ചത്. അടുത്തിടെ കണ്ടെയ്‌നർ ക്ഷാമത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ ഇറക്കുമതി വീണ്ടും സജീവമാക്കി.
''വിലയിലെ ചാഞ്ചാട്ടം കർഷകരെ ദുരിതത്തിലാക്കുകയാണ്. വില ഉയർന്നപ്പോൾ സ്റ്റോക്ക് ചെയ്ത് വച്ചവർ ഇപ്പോൾ പ്രതിസന്ധിയിലായി. പലരും കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്.
ജോർജ് തോമസ്, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |