ശംഖുംമുഖം: അപകടങ്ങൾ തുടർക്കഥയാവുമ്പോഴും പനത്തുറ പൊഴിക്കരയിലെത്തുന്ന സന്ദർശകർക്ക് സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ 30ലധികം പേരാണ് പൊഴിയിൽപ്പെട്ട് മരണമടഞ്ഞത്. 15നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ ഭൂരിഭാഗവും. അമ്മയ്ക്കൊപ്പം ഓണമാഘോഷിക്കാനെത്തിയ 14കാരൻ ശ്രീഹരിയാണ് ഏറ്റവുമൊടുവിൽ മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ 17കാരിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ടൂറിസ്റ്റ് കേന്ദ്രമല്ലെങ്കിലും പനത്തുറ പൊഴിക്കരയിൽ ധാരാളം പേരെത്തുന്നുണ്ട്. എന്നാൽ, മുന്നറിയിപ്പ് ബോർഡുകളും ലൈഫ്ഗാർഡുകളുടെ സേവനവും ഇവിടെയില്ല. സമീപത്തെ മത്ത്യത്തൊഴിലാളികളാണ് പലപ്പോഴും അപകടങ്ങളിൽ രക്ഷകരായെത്തുന്നത്. കാലൊന്ന് വഴുതിയാൽ നീന്തൽ അറിയുന്നവർക്ക് പോലും തിരിച്ച് കയറാനാവില്ല. പൊഴിക്കരയുടെ സമീപത്ത് ജനവാസമില്ലാത്തതിനാൽ അപകടങ്ങൾ നടന്നാൽ വളരെ വൈകിയാണ് പുറംലോകമറിയുന്നത്. സെൽഫി പ്രിയരാണ് പൊഴിയിൽ എത്തുന്നവരിലധികവും. ശക്തമായൊഴുകുന്ന കരമനയാറ് അവസാനിക്കുന്നത് തിരുവല്ലത്തെ പാർവതി പുത്തനാറിലാണ്. ഇവിടെ നിന്നാണ് രണ്ട് ആറുകളും ഒന്നായി കടലിലേക്കൊഴുകുന്നത്. ആറ്റിൽ ജലനിരപ്പുയരുന്നത് പലപ്പോഴും അറിയാനാവില്ല. ആറ്റിലെ വെളളം കടലിലേക്ക് ഇരച്ചുകയറി തിരമാലകളുമായി കൂട്ടിമുട്ടുന്നതോടെ പൊഴിയിൽ ചുഴി രൂപപ്പെടുന്നു. ഇതിനിടയിൽപ്പെട്ടാൽ കടലിനടിയിലേക്ക് ഒഴുകിപ്പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |