മലപ്പുറം: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. ആർ.എസ്.എസ് പൊലീസ് ഗൂഢാലോചന പുറത്തുകൊണ്ടുവരിക, കുറ്റാരോപിതരെ സർവീസിൽ നിന്ന് നീക്കുക, പരാതികളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ രാവിലെ പത്തോടെ കളക്‌ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ച മാർച്ച് എസ്.പി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പൊലീസിലെ ക്രിമിനലുകളെ സർവീസിൽ നിന്ന് പിഴുതെറിയും വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണ് പൊലീസിൽ നിന്ന് കേൾക്കുന്നത്. എ.ഡി.ജി.പി അജിത്കുമാറും മുൻ എസ്.പി സുജിത്ദാസും നടത്തിയ കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നുണ്ട്. പൊലീസിൽ അരുതാത്തത് സംഭവിക്കുന്നുവെന്ന് ലീഗ് പല ഘട്ടങ്ങളിൽ ഉന്നയിക്കുകയും മുഖ്യമന്ത്രിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു. എസ്.പിയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ ലീഗ് ഉന്നയിച്ച ഓരോ വിഷയങ്ങളും സത്യമാണെന്ന് അടിവരയിടുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഭരണകക്ഷി എം.എൽ.എ തന്നെ തെളിവ് സഹിതം കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്ന സാഹചര്യമുണ്ടായി. ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള, അഷ്‌റഫ് കോക്കൂർ, ഇസ്മായിൽ പി മൂത്തേടം തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |