ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നടന്ന സമവായചർച്ചയുടെ അടിസ്ഥാനത്തിൽ ജോലിയിൽ തിരികെ കയറാമെന്ന് കൊൽക്കത്തയിൽ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ സുപ്രീംകോടതിയെ അറിയിച്ചു. ഡോക്‌ടർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികൾ ബംഗാൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. സുരക്ഷ ഉൾപ്പെടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നതസമിതി, ആഭ്യന്തര പരാതിപരിഹാര സമിതി, മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ കൗൺസിലിംഗ് സെന്ററുകൾ തുടങ്ങിയ ആവശ്യങ്ങളിൽ മൂന്നുദിവസത്തിനകം നടപടിയെടുക്കണം. കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. രാത്രി ഡ്യൂട്ടിയിൽ നിന്ന് വനിതാ ഡോക്‌ടർമാരെ ഒഴിവാക്കിയ സർക്കാർ ഉത്തരവിനെ കോടതി ചോദ്യംചെയ്‌തു. അത്തരം നിർദ്ദേശം നൽകാനാവില്ലെന്നും സുരക്ഷയൊരുക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.
എപ്പോൾ തിരികെ ജോലിക്ക് കയറുമെന്ന് ബംഗാളിന്റെ അഭിഭാഷകൻ കപിൽ സിബൽ ആരാഞ്ഞപ്പോൾ, ഡോക്‌ടർമാരുടെ സംഘടന ജനറൽ ബോഡി ചേർന്ന് തീരുമാനമെടുക്കുമെന്ന് അവരുടെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് മറുപടി നൽകി. മമതയുടെ രാജി ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ഇത്
രാഷ്ട്രീയവേദിയല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അന്വേഷണവീഴ്‌ച
അസ്വസ്ഥതയുണ്ടാക്കുന്നു
കേസിലെ അന്വേഷണവീഴ്ചകൾ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊൽക്കത്ത പൊലീസിലെ ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സി.ബി.ഐ സമർപ്പിച്ച തത്‌സ്ഥിതി റിപ്പോർട്ട് പരിശോധിക്കുകയായിരുന്നു കോടതി. അട്ടിമറി നടന്നിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഏജൻസി അന്വേഷിക്കുന്നുണ്ട്. അവർ ഉറങ്ങുകയല്ല. അന്വേഷണത്തിന് സമയപരിധി വയ്‌ക്കാനാകില്ല. കൂടുതൽ വിവരങ്ങൾ പുറത്തുപറഞ്ഞാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇതിനിടെ, ഇരയുടെ പേര് പേജിൽ നിന്ന് നീക്കാൻ വിക്കീപിഡിയയ്ക്ക് നിർദ്ദേശം നൽകി.
വനിതാ അഭിഭാഷകർക്ക്
ഭീഷണി
തന്റെ ജൂനിയർ വനിതാ അഭിഭാഷകർക്ക് സാമൂഹിക മാദ്ധ്യമങ്ങൾ മുഖേന മാനഭംഗ - ആസിഡ് ആക്രമണ ഭീഷണികൾ വരുന്നതായി സിബൽ അറിയിച്ചു. കേസിന്റെ തത്സമയ സംപ്രേഷണം നിറുത്തണമെന്ന് സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. അങ്ങനെ ഭീഷണിയുണ്ടായാൽ അഭിഭാഷകരെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |