ഗുവാഹത്തി:ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം വിജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയോട് തോറ്റ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് നോർത്ത് ഈസ്റ്റിനെ നേരിടാനിറങ്ങുന്നത്.
മറുവശത്ത് നോർത്ത് ഈസ്റ്റിനും സീസണിൽ ഇതുവരെ ഒന്ന് വീതം ജയവും തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ അവർമുഹമ്മദൻസിനെ കീഴടക്കിയപ്പോൾ കഴിഞ്ഞ കളിയിൽ രണ്ട് തവണ ലീഡ് നേടിയ ശേഷം മോഹൻ ബഗാനോട് തോറ്റു.
ജയം തുടരാൻ
കഴിഞ്ഞ മത്സരത്തിലെ ജയം ഗുവാഹത്തിയിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. പനിയിൽ നിന്ന് മുക്തനായ ക്യാപ്ടൻ അഡ്രിയാൻ ലൂണ പരിശീലനം തുടങ്ങിയിരുന്നു. അദ്ദേഹം സീസണിലെ തന്റെ ആദ്യത്തെ മത്സരത്തിന് നാളെയിറങ്ങിയേക്കുമെന്നാണ് കരുതുന്നത്. ലൂണ കളിക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണൂവെന്നായിരുന്നു കോച്ച് മൈക്കേൽ സ്റ്റാറേയുടെ ഉത്തരം. മുഹമ്മദ് ഐമനും ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. സച്ചിൻ സുരേഷ് തന്നെയാകും ക്രോസ് ബാറിന് കീഴിൽ, മലാൻ ഡ്രെൻസിച്ചും പ്രീതം കോട്ടാലു തന്നെയാകും പ്രതിരോധക്കോട്ട കാക്കുന്ന പ്രധാനപ്പെട്ടവർ. സന്ദീപ് സിംഗും നോച്ച സിംഗും വിംഗ് ബാക്കുകളാകും. ലൂണയിറങ്ങിയാൽ അലക്സാണ്ട്രേ കോഫ് ആയിരിക്കും പുറത്തിരിക്കുക. ഡാനിഷ് ഫറൂഖിന് പകരമാകും ഐമൻ എത്താൻ സാധ്യത. വിബിൻ മോഹൻ മദ്ധ്യനിരയിൽ തുടരും. ഈസ്റ്റ് ബംഗാളിനെതിരെയെന്ന പോലെ നോഹ സദോയിയും ജീസസ് ജിമെനസും രാഹുൽ കെ.പിയുമായിരിക്കും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുകയെന്നാണ് വിവരം.
തിരിച്ചുവരാൻ
വീണ്ടും വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾ നേടിയ മൊറോക്കൻ താരം അലാഡൻ അജൈറയാണ് അവരുടെ തുറപ്പ് ചീട്ട്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ നോർത്ത് ഈസ്റ്റിനായിരുന്നു മുൻതൂക്കം. ഒരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി.
മുഖാമുഖം
ഇതുവരെ ഏറ്റുമുട്ടിയ 20 മത്സരങ്ങളിൽ 8 എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് ജയം നേടാനായത് 5 എണ്ണത്തിൽ മാത്രം. 7 മത്സരങ്ങൾ സമനിലയായി. ബ്ലാസ്റ്റേഴ്സ് 22 ഗോളുകൾ അടിച്ചപ്പോൾ നോർത്ത് ഈസ്റ്റ് നേടിയത് 15 ഗോളുകൾ.
ലൈവ്
സ്പോർട്സ് 18, ഏഷ്യാനെറ്റ് പ്ലസ്, ജിയോ സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |