ബംഗളൂരു: ജോലിയൊന്നും ചെയ്യാതെ വീട്ടിൽ വെറുതെയിരിക്കാനും കിടന്നുറങ്ങാനും കൊതിക്കാത്തവർ കുറവായിരിക്കും. എന്നാൽ ജീവിതം മുന്നോട്ട പോകണമെങ്കിൽ പണം ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാവരും ജോലി ചെയ്യുന്നതും സംബാദിക്കുന്നതും. എന്നാൽ വെറുതെ കിടന്നുറങ്ങി ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിച്ചാലോ? ബംഗളൂരു സ്വദേശി സായ്‌ശ്വരി പാട്ടീലാണ് കിടന്നുറങ്ങി ഒൻപത് ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുന്നത്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സായ്‌ശ്വരി ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയായ വേക്ക്‌ഫിറ്റ്‌സ് നടത്തിയ സ്ളീപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ 'സ്ളീപ് ചാമ്പ്യൻ' പട്ടം നേടിയാണ് ലക്ഷങ്ങൾ നേടിയെടുത്തത്. മത്സരത്തിൽ 12 ഇന്റേൺമാരാണ് ഉണ്ടായിരുന്നത്. എട്ടുമുതൽ ഒൻപത് മണിക്കൂർവരെയുള്ള ഉറക്കത്തിന്റെ മൂല്യത്തിന് പ്രാധാന്യം നൽകുകയെന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പകൽ സമയങ്ങളിൽ ചെറു ഉറക്കങ്ങളെയും പ്രോഗ്രാം പ്രോത്സാഹിപ്പിച്ചിരുന്നു. മത്സരത്തിന് മുൻപായി സ്ളീപ് വിദഗ്ധരുടെ വർക്ക്‌ഷോപ്പുകളും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. എല്ലാ മത്സരാർത്ഥികൾക്കും പ്രീമിയം മെത്തകളും സ്ളീപ് ട്രാക്കർ ഉപകരണങ്ങളും നൽകിയതിന് ശേഷമായിരുന്നു മത്സരം നടത്തിയത്. വേക്ക്‌ഫിറ്റ് നടത്തുന്ന മൂന്നാം സീസൺ മത്സരമായിരുന്നു ഇത്. മൂന്ന് സീസണിനിടെ ഒരു ദശലക്ഷത്തോളം പേരാണ് പ്രോഗ്രാമിനായി അപേക്ഷിച്ചതെന്നും ഇതുവരെ 51 പേരാണ് ഇന്റേണുകളായി പ്രവർത്തിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഇന്റേണുകൾക്കുള്ള സ്റ്റൈപ്പൻഡായി 63 ലക്ഷമാണ് കമ്പനി ചെലവാക്കിയത്. നല്ല ഉറക്കത്തിനായി ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും ദിവസവും കൃത്യതയുള്ളതായിരിക്കണമെന്ന് സായ്‌ശ്വരി പാട്ടീൽ വ്യക്തമാക്കി. അച്ചടക്കമുള്ള ഉറക്കം ലഭിക്കുന്നതിനായി ഇന്റേൺഷിപ്പ് എന്നെ പരിശീലിപ്പിച്ചു. നല്ല ആരോഗ്യത്തിന് അഗാധമായ ഉറക്കം വളരെ പ്രധാനമാണെന്ന് ഞാൻ പഠിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഓർമ്മശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇന്റേൺഷിപ്പ് എന്നെ സ്ലീപ്പ് സയൻസിന്റെ ആകർഷകമായ ലോകത്തേക്ക് പരിചയപ്പെടുത്തി, മികച്ച ഉറക്കത്തിനായി പഠിക്കുന്നത് ഇനിയും തുടരും'- പാട്ടിൽ പറഞ്ഞു. 'ഞങ്ങളുടെ സ്ലീപ്പ് ഇന്റേൺഷിപ്പ് ഇന്ത്യക്കാരെ ഉറക്കവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്, ഇതിനുള്ള പ്രചോദനമായാണ് സ്റ്റൈപ്പൻഡ്," വേക്ക്ഫിറ്റിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കുനാൽ ദുബെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |