കൊച്ചി: തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ ഓഹരിവിപണിയിൽ സന്തോഷത്തിരയിളക്കം. ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 400 പോയിന്റ് നേട്ടത്തിൽ തുടക്കമിട്ടു. നിഫ്റ്റി 120 പോയിന്റോളം ഉയർന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത് വരും ദിവസങ്ങളിൽ നേട്ടമാകുമെന്നാണ് സൂചന. ഉത്തരേന്ത്യൻ ഹൈന്ദവ കലണ്ടർ പ്രകാരമുള്ള സംവത് 2081ന്റെ തുടക്കത്തിൽ വ്യാപാരം നടത്തുന്നതിലൂടെ മികച്ച നിക്ഷേപ വർഷത്തിന് തുടക്കമിടലാണെന്ന് ഓഹരി നിക്ഷേപകർ വിശ്വസിക്കുന്നു.
അതേസമയം, കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില. പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് 59,080 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയുമായി. ദിനവും വർദ്ധനവ് രേഖപ്പെടുത്തി ഇന്നലെ 60,000 ആയേക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസം 59, 640 രൂപ എന്ന റെക്കാർഡ് വിലയിലായിരുന്നു സ്വർണത്തിന്റെ കച്ചവടം. ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്നു സ്വർണവില.
ദിവസങ്ങളുടെ വ്യത്യാസത്തിൽ പുതു ഉയരങ്ങൾ ഭേദിച്ച് മുന്നേറുകയായിരുന്നു സ്വർണം. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ത്യൻ വിപണിയിലും സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. വെള്ളിക്ക് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയിലാണ് വ്യാപാരം.
മുഹൂർത്ത വ്യാപാരം
ആവേശ നിക്ഷേപം
മുഹൂർത്ത വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 335.06 പോയിന്റ് നേട്ടത്തിൽ 79,724.12ലും നിഫ്റ്റി 94.20 പോയിന്റ് നേട്ടത്തിൽ 24,299. 55 ലും അവസാനിച്ചു. ആഗോള വിപണിയിലെ സമ്മർദ്ദങ്ങൾക്കിടയിലാണ് ഇന്ത്യൻ സൂചികകൾ മികച്ച പ്രകടനം കാഴ്ച വച്ചത്. ശനി, ഞായർ അവധികൾക്ക് ശേഷം തിങ്കളാഴ്ചയാണ് ഓഹരി വിപണിയിൽ പതിവ് വ്യാപാരം നടക്കുക. നവംബർ 5ന് നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിപണികൾക്ക് പ്രധാനമാണ്.
ലാഭമെടുപ്പിൽ
വിലയിടിഞ്ഞു
കഴിഞ്ഞദിവസം ഔൺസിന് 2,789 ഡോളർ എന്ന ഉയരത്തിലായിരുന്നു രാജ്യാന്തര സ്വർണവില. ഇന്നലെ അത് 2738 ഡോളർ എന്നതിലേക്ക് ഇടിഞ്ഞു. സ്വർണനിക്ഷേപ പദ്ധതികളിലുണ്ടായ ലാഭമെടുപ്പാണ് സ്വർണവില ഇടിയാൻ കാരണം. അമേരിക്കയിലെ ആഭ്യന്തര, രാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയിൽ സമ്മർദ്ദമാകുന്നുണ്ട്. യു.എസിൽ പണപ്പെരുപ്പം കുറയുന്നത് മറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടം കുറയ്ക്കുമെന്നതിനാൽ സ്വർണത്തിന് സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് വില ഇനിയും കൂടാനിടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |