ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (നോൺ വൊക്കേഷണൽ ) അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ സെറ്റ് 2025 സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ഫ്രഞ്ച്, ജർമ്മൻ, ജിയോളജി, ഹോം സയൻസ്, ഫിലോസഫി, ജേണലിസം, മ്യൂസിക്, സൈക്കോളജി, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളെ ബി.എഡ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.
പരീക്ഷാ പാറ്റേൺ
............................
പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ട്. പേപ്പർ ഒന്ന് പൊതുവിജ്ഞാനവും, അദ്ധ്യാപക അഭിരുചിയുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ പേപ്പർ ബിരുദാനന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ബിരുദാനന്തര വിഷയം രണ്ടാം പേപ്പറിനായി തിരഞ്ഞെടുക്കാം. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.120 വീതം ചോദ്യങ്ങളുണ്ടാകും. പേപ്പർ ഒന്നിൽ പാർട്ട് A, B എന്നിവയിൽ നിന്നായി 60 വീതം ചോദ്യങ്ങളുണ്ടാകും. കണക്കിനും, സ്റ്റാറ്റിസ്റ്റിക്‌സിനും 80 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലില്ല.
സിലബസ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കണം. ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് വിഷയങ്ങളിൽ ബി.എഡ് എടുത്തവർക്ക് അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കാം. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജ്യുക്കേഷൻ, മൈസൂരിൽ നിന്നും എം.എസ്‌സിഎഡ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. സെറ്റ് യോഗ്യത നേടാൻ കുറഞ്ഞത് ഓരോ വിഷയത്തിലും 40 ശതമാനം മാർക്കും, മൊത്തം രണ്ടു പേപ്പറുകൾക്കും കൂടി 48 ശതമാനം മാർക്കും നേടണം.
പരീക്ഷയ്ക്ക് ചിട്ടയോടെ തയ്യാറെടുക്കണം. പതിവായി പത്രം വായിക്കുന്നവർക്ക് ആദ്യ പേപ്പർ Part A എളുപ്പമായിരിക്കും. വിഷയം സിലബസ് വിലയിരുത്തി തയ്യാറെടുക്കണം. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ഒക്‌ടോബർ 20 നകം എൽ.ബി.എസ് സെന്ററിലേക്ക് അയയ്ക്കണം. www.lbscentre.kerala.
"ഉയരെ"സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ തൊഴിൽ പരിശീലനം തേടുന്നവർക്ക് റോട്ടറി 3211ഡിസ്ട്രിക്ട് നൽകുന്ന ഫീസ് സ്കോളർഷിപ്പ് പദ്ധതിയായ "ഉയരെ" പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഫീസിന്റെ 75%വരെ ഇത്തരത്തിൽ ലഭിക്കും.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് 70ദിവസം ദൈർഘ്യമുള്ള എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് 67ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4, 65ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3,ആർ.പി.എൽ.ഇലക്ട്രീഷ്യൻ ലെവൽ 3(അഞ്ചാം ക്ലാസും ,3 വർഷത്തെ ഇലക്ട്രിഷ്യൻ അനുഭവ പരിചയവും ), ആർ.പി.എൽ.പ്ലംബർ ലെവൽ 4 (എട്ടാം ക്ലാസും രണ്ടു വർഷത്തെ അനുഭവ പരിചയവും ) ,ആർ.പി.എൽ. റൂറൽ മേസൺ ലെവൽ 4 (അഞ്ചാം ക്ലാസും അനുഭവ പരിചയവും ), ആർ.പി.എൽ. എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 (പത്താം ക്ലാസും രണ്ടു വർഷത്തെ അനുഭവ പരിചയവും ) എന്നീ പരിശീലനത്തിനായി ചേരുന്ന തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലയിലുള്ളവർക്ക് ഉയരെ പദ്ധതി മുഖേനയുള്ള ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |