കാൺപൂർ: മഴമാറി മാനം തെളിഞ്ഞ കാൺപൂരിൽ ട്വന്റി-20 രീതിയിൽ അടിച്ച് തകർത്ത് രണ്ടാം ടെസ്റ്റിന്റെ നാലാംദിനം ബംഗ്ലാദേശിനെ ഞെട്ടിച്ച് ഇന്ത്യ. രണ്ട് ദിവസം ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചതിന് ശേഷം ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ 233 റൺസിന് ഓൾഔട്ടാക്കി. മോമിനുൾ ഹഖിനറെ (പുറത്താകാതെ 107) സെഞ്ച്വറിയായിരുന്നു ബംഗ്ലാ ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ റെക്കാഡുകൾ കടപുഴക്കി അതിവേഗം 34.4 ഓവറിൽ 285/9 എന്ന നിലയിൽ ഡിക്ലയർ ചെയ്‌തു. 52 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ബംഗ്ലാദേശ് ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 26/2 എന്ന നിലയിലാണ്. ഇന്ത്യയെക്കാൾ 26 റൺസ് പിന്നിലാണ് അവർ. ഇന്ന് ബംഗ്ലാദേശിനെ പെട്ടെന്ന് പുറത്താക്കി വിജയമുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. മറുവശത്ത് ചെറുത്ത് നിൽക്കാൻ ബംഗ്ലാദേശും പാഡ് കെട്ടുമ്പോൾ അഞ്ചാംദിനം ത്രില്ലർ പോരാട്ടത്തിന് കാൺപൂരിലെ ഗ്രീൻപാർക്ക് വേദിയാകും.
മോമിനുള്ളിന്റെ പോരാട്ടം
107/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ മുഷ്‌ഫഖുർ റഹിമിനെ (11) നഷ്ടമായി. ബുംറയുടെ പന്ത് ലീവ് ചെയ്ത മുഷ്ഫിഖുറിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചു. ലിറ്റൺ ദാസ് (13), ഷാക്കബ് അൽ ഹസൻ (9), മെഹദി ഹസൻ മിറാസ് (20) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ച് നിന്ന് മോമിനുൾ ബംഗ്ലാദേശിന് താങ്ങായി.194 പന്ത് നേരിട്ട് 17 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ മോമിനുള്ളിന്റെ സെഞ്ച്വറി ഇന്നിംഗ്സ്. ഖലീൽ അഹമ്മദിനെ (0) സ്വന്തം ബൗളിംഗിൽ പിടികൂടി ജഡേജയാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന് തിരശീലയിട്ടത്. ഇന്ത്യയ്ക്കായി ബുംറ മൂന്നും സിറാജ്,അശ്വിൻ,ആകാശ് ദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അതിവേഗം ഇന്ത്യ
തുടർന്ന് ഒന്നാം ഇന്നിംഗ്‌സിന്റങ്ങിയ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ക്യാപ്ടൻ രോഹിത് ശർമ്മയും (11 പന്തിൽ 23), യശ്വസി ജയ്‌സ്വാളും (51 പന്തിൽ 72) ചേർന്ന് നൽകിയത്. ഹസ്സൻ മഹമ്മൂദ് എറിഞ്ഞ ആദ്യ ഓവറിൽ ജയ്‌സ്വാൾ മൂന്ന് ഫോറാണ് നേടിയത്. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സടിച്ചാണ് രോഹിത് തുടങ്ങിയത്, 3 ഓവറിൽ ഇന്ത്യൻ സ്കോർ 50ൽഎത്തി.രോഹിതിനെ പുറത്താക്കി മെഹദി ഹസ്സൻ മിർസയാണ് കൂട്ടുകെട്ട് പൊളിച്ചത്. രോഹിതും ജയ്‌സ്വാളും 24 പന്തിൽ 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീടെത്തിയ ശുഭ്‌മാൻ ഗില്ലും (39) ജയ്‌സ്വാളും 63 പന്തിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 10.1 ഓവറിൽ ഇന്ത്യ 100 കടന്നു. ടെസ്റ്റിൽ ഒരിന്നിംഗ്സിൽ വേഗം 50ഉം 100ഉം അടിക്കുന്ന ടീമായ ഇന്ത്യ. കെ.എൽ രാഹുൽ (43 പന്തിൽ 68), വിരാട് കൊഹ്‌ലി(35 പന്തിൽ 47) എന്നിവരും തിളങ്ങി. അഞ്ചാം വിക്കറ്റിൽ രാഹുലും കൊഹ്‌ലിയും 59 പന്തിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആകാശ് ദീപ് (12) പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.ബംഗ്ലാദേശിനായി മെഹിദി ഹസനും ഷാക്കിബ് അൽ ഹസനും 4 വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് സാക്കിർ ഹസന്റെയും (10), ഹസൻ മഹ്‌മൂദ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് വിക്കറ്റും അശ്വിനാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |