കൊല്ലം: അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
നരഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അമ്പതിനായിരം രൂപയുടെ ബോണ്ടിലും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ജഡ്ജി ജി.ഗോപകുമാർ ജാമ്യം അനുവദിച്ചത്.
കാറിന്റെ പിൻസീറ്റിലാണ് ഇരുന്നതെന്നും മുഹമ്മദ് അജ്മൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയതും പിന്നീട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയതും കണ്ടില്ലെന്നുമാണ് ഡോ. ശ്രീക്കുട്ടിയുടെ വാദം. എഫ്.ഐ.ആറിൽ ആദ്യം മുഹമ്മദ് അജ്മലിനെ മാത്രമാണ് പ്രതിയാക്കിയതെന്നും ശ്രീക്കുട്ടിയെ പിന്നീടാണ് പ്രതി ചേർത്തതെന്നും അഭിഭാഷകൻ വാദിച്ചു. കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രീക്കുട്ടി നിർദേശിച്ചെന്ന ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് നരഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
കഴിഞ്ഞമാസം 15ന് വൈകിട്ട് അഞ്ചേമുക്കാലോടെ മൈനാഗപ്പള്ളി ആനൂർക്കാവിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മുഹമ്മദ് അജ്മലും ഡോ. ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ മൈനാഗപ്പള്ളി സ്വദേശികളായ കുഞ്ഞുമോളും ഫൗസിയയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. കാറിനടിയിൽപ്പെട്ട കുഞ്ഞുമോളുടെ ശരീരത്തിലൂടെ മുഹമ്മദ് അജ്മൽ കാർ കയറ്റി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോൾ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ന് രാത്രി മരിച്ചു.
ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിൽ നിന്നും മുഹമ്മദ് അജ്മലിനെ തൊട്ടടുത്ത ദിവസം പുലർച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.നിയാസും ശ്രീക്കുട്ടിക്ക് വേണ്ടി അഡ്വ. സി.സജീന്ദ്രകുമാറും ഹാജരായി. മുഹമ്മദ് അജ്മൽ സെഷൻസ് കോടതിയിൽ ഉടൻ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |