തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ പി.ആർ ഏജൻസികളെ ആശ്രയിക്കുന്നുവെന്ന ആരോപണം കനത്തതോടെ, തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫീസും. ഡൽഹിയിൽ 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ മലപ്പുറം വിരുദ്ധ പരാമർശം കെയ്സൻ എന്ന പി.ആർ എജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണെന്ന പത്രത്തിന്റെ വിശദീകരണം പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും അത് സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ സർക്കാരോ പാർട്ടിയോ തയ്യാറായിട്ടില്ല. അതിനിടെ, മുഖ്യമന്ത്രിക്കും പാർട്ടിക്കും പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന വാദമുയർത്താൻ സി.പി.എം മന്ത്രിമാരും മുതിർന്ന നേതാക്കളും നടത്തിയ മത്സരവും കൗതുകമായി.
ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയും അൻവറിന്റെ ആരോപണങ്ങളുമടക്കം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായിരിക്കെയാണ് എരിതീയിൽ എണ്ണയൊഴിച്ചതുപോലെ മുഖ്യമന്ത്രിയുടെ അഭിമുഖവും വിവാദമായത്. മന്ത്രിസഭായോഗവും, സി.പി.എം, സി.പി.ഐ നേതൃയോഗങ്ങളും ഇന്ന് ചേരാനിരിക്കെ, എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം പ്രതീക്ഷിക്കുകയാണ് സി.പി.ഐ നേതൃത്വം.
പരിഹസിച്ച് പ്രതിപക്ഷം
തന്നെ ഈ നാടിനറിയാമെന്നും മറ്റാരുടെയും ഉപദേശം തേടുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരും കരുതില്ലെന്നും 2020 മേയ് 19ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അതേ മുഖ്യമന്ത്രിക്ക് വേണ്ടിയല്ലേ ഇപ്പോൾ പി.ആർ ഏജൻസി അഭിമുഖം സംഘടിപ്പിച്ച
തെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു. അഭിമുഖത്തിൽ മലപ്പുറം പരാമർശം വിവാദമായതോടെയാണ് മുഖ്യമന്ത്രി പറയാത്ത കാര്യമാണ് വന്നതെന്നും തിരുത്തൽ വേണമെന്നും പ്രസ് സെക്രട്ടറി 'ദ ഹിന്ദു' പത്രത്തിന് കത്തെഴുതിയത്. അഭിമുഖം സംഘടിപ്പിച്ചത് പി.ആർ ഏജൻസിയാണെന്ന കാര്യം പുറത്തു വന്നതാവട്ടെ, പത്രത്തിന്റെ ഖേദ പ്രകടനത്തിലും. ഇത് ഫലത്തിൽ സർക്കാരിന് വെളുക്കാൻ തേച്ചത് പാണ്ടായി.
കൂട്ടിച്ചേർത്തത് മുൻ എം.എൽ.എയുടെ മകൻ
മുഖ്യമന്ത്രിയുമായി പത്രലേഖിക നടത്തിയ അഭിമുഖത്തിൽ കെയ്സൻ ഏജൻസിയുടെ രണ്ട് പേരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കെയ്സൻ സി.ഇ.ഒ വിനീത് ഹാണ്ഡയും റിലയൻസിന്റെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് സുബ്രഹ്മണ്യനും. സി.പി.എം മുൻ എം.എൽ.എ ടി.കെ.ദേവകുമാറിന്റെ മകനായ സുബ്രഹ്മണ്യനാണ് മുഖ്യമന്ത്രി പറയാത്ത ഭാഗംകൂടി അഭിമുഖത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. വസ്തുതകൾ ഇത്ര വ്യക്തമായിരിക്കെയാണ്, മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന വാദവുമായി മന്ത്രിമാരടക്കം രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |