ആലപ്പുഴ: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻ ലാത്തികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുന്ന ദൃശ്യം കേരളം ഞെട്ടലോടെ കണ്ടതാണ്. പക്ഷേ, ഗൺമാൻ അനിൽകുമാർ, ഇയാൾക്കൊപ്പം മർദ്ദനമഴിച്ചുവിട്ട സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നൽകിയത് ക്ളീൻ ചിറ്റ്.
ക്രൈംബ്രാഞ്ചിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. തടസ ഹർജി നൽകും. മർദ്ദന ദൃശ്യങ്ങൾ പൊലീസ്, ക്രൈംബ്രാഞ്ച് മേധാവിമാർക്ക് ഇ-മെയിലായി നൽകുകയും ചെയ്തു.
കേസെടുക്കാൻ പര്യാപ്തമായ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് കേസ് അവസാനിപ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽരാജ് ആലപ്പുഴ മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ട്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചോദിച്ചിട്ടും മാദ്ധ്യമങ്ങൾ നൽകിയില്ലെന്ന വിചിത്ര ന്യായവും റിപ്പോർട്ടിലുണ്ട്.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു കരിങ്കൊടി പ്രതിഷേധം. സൗത്ത് പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ അന്വേഷണത്തിന് പൊലീസ് കൂട്ടാക്കിയിരുന്നില്ല. പരിക്കേറ്റവർ കോടതിയെ സമീപിച്ചപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്.
അടിയേറ്റവർ പകർത്തിയ
ദൃശ്യം തന്നെ വേണം!
ചാനലുകൾ പകർത്തിയ മർദ്ദനദൃശ്യങ്ങൾ സി.ഡിയിൽ നൽകിയപ്പോൾ, പരാതിക്കാർ പകർത്തിയ ദൃശ്യങ്ങൾ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് പറഞ്ഞു. ക്രൂരമർദ്ദനമേറ്റവിൽ ഒരാളാണ് അജയ്. മർദനമേറ്റു കിടക്കെ എങ്ങനെ ദൃശ്യങ്ങൾ പകർത്തുമെന്ന് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥൻ കൈയൊഴിഞ്ഞു. പ്രവർത്തകർ ഷൂട്ട് ചെയ്ത ദൃശ്യം സ്വീകരിച്ചുമില്ല. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനും സാരമായി പരിക്കേറ്റിരുന്നു. അക്രമ ദൃശ്യങ്ങൾ രണ്ടുതവണ അന്വേഷണോദ്യോഗസ്ഥന് പെൻഡ്രൈവിലും ഒരു തവണ സി.ഡിയിലും നൽകിയിരുന്നെന്ന് തോമസ് പറഞ്ഞു.
കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പൊലീസിന്റേത്. സർക്കാരിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നില്ല
- എ.ഡി. തോമസ്
നവകേരള ബസ് തടഞ്ഞെന്നും അടിച്ചു തകർക്കാൻ ശ്രമിച്ചെന്നുമുള്ള കണ്ടെത്തൽ അടിസ്ഥാനരഹിതമാണ്
- അജയ് ജ്യുവൽ കുര്യാക്കോസ്
പൊലീസ് റിപ്പോർട്ട് അപഹാസ്യം. ക്രൂര മർദ്ദനത്തിന്റെ ദൃശ്യം ഇപ്പോഴും പൊതുസമൂഹത്തിന്റെ കൺമുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് അന്വേഷണം അട്ടിമറിച്ചത്
വി.ഡി, സതീശൻ,
പ്രതിപക്ഷനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |