തൃക്കരിപ്പൂർ: പാലം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പദ്ധതി ഫയലിലുറങ്ങുന്നതിൽ പ്രതിഷേധമുയർത്തി നാട്ടുകാർ. 2016 ൽ റെയിൽവേയുടെ അനുമതി ലഭിച്ചിട്ടും പ്രാരംഭ നിർമ്മാണ പ്രവൃത്തിപോലും ആരംഭിക്കാത്ത ഉദിനൂർ റെയിൽവേ ഓവർ ബ്രിഡ്ജ് പ്രവൃത്തിയാണ് സ്വപ്നമായി അവശേഷിക്കുന്നത്. നടക്കാവ് ജംഗ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിലുള്ള ഈ റെയിൽവേ ഗേറ്റ് പലപ്പോഴായി അടഞ്ഞുകിടക്കുന്നത് ഏറെ ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ് . ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സെൻട്രൽ എ.യു.പി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള വിദ്യാർത്ഥികളും, ക്ഷേത്രപാലക ക്ഷേത്രമടക്കമുള്ള ആരാധനയങ്ങളിലേക്കുള്ള വിശ്വാസികളും ഈ ഗേറ്റ് മറികടന്നാണ് യാത്ര ചെയ്യേണ്ടത്. അതുപോല തടിയൻ കൊവ്വൽ പോളിടെക്നിക്കിലേക്ക് പോകേണ്ട ഉദിനൂർ, പടന്ന, എടച്ചാക്കൈ തീരദേശ മേഖലകളിലെ വിദ്യാർത്ഥികളും ഈ കടമ്പ കടക്കേണ്ടി വരുന്നു. നടക്കാവിൽ വിവിധ കായിക ഇനങ്ങൾക്കായി പണിയുന്ന ഇൻഡോർ സ്റ്റേഡിയം പൂർത്തിയായാൽ പടിഞ്ഞാറൻ മേഖലയിലുള്ള കായിക താരങ്ങളും കായികപ്രേമികളും ഈ ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലെത്തേണ്ടത്. ഇതുപോലെ പടന്നയിലേക്കു സർവ്വീസ് നടത്തുന്ന ബസുകളുടെയും നൂറുകണക്കിന് സ്വകാര്യവാഹനങ്ങളു ടെയും യാത്ര സുഗമമാക്കാൻ മേൽപ്പാലം അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടാണ് ഉദിനൂരിൽ റെയിൽവേ മേൽപ്പാലം അനുവദിച്ചത്. പക്ഷെ അതിന് ശേഷം ഒരു തുടർപ്രവർത്തനങ്ങളും നടന്നിട്ടില്ല.
സർവകക്ഷി കർമ്മസമിതി രൂപീകരിച്ചു
ഓവർ ബ്രിഡ്ജ് അനുവദിച്ചിട്ട് വർഷം 8 കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. കർമ്മ സമിതി രൂപീകരണ യോഗം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്ര അദ്ധ്യക്ഷത വഹിച്ചു. സി. കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി. അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം പി.പി.കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ മാണിയാട്ട് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. സുമേഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രതില, ഉദിനൂർ ബാലഗോപാലൻ, എം.രാഘവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി.മുഹമ്മദ് അസ്ലം ( ചെയർമാൻ), സി. കുഞ്ഞികൃഷ്ണൻ (ജന. കൺവീനർ), കെ.വി.ജതീന്ദ്രൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |