കൊൽക്കത്ത: ഡോക്ടറെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ
ഡോക്ടർമാരെയും ഇന്റേർണുകളെയുമടക്കം പത്ത് പേരെ പുറത്താക്കി. ഡോക്ടറുടെ മരണത്തിന് പിന്നാലെ നിയമിച്ച ഇൻസ്റ്റിറ്റിറ്റ്യൂഷണൽ എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തവരെയാണ് പുറത്താക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇവർ വിദ്യാർത്ഥികളെ അസഭ്യം പറയുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയും ചെയ്തു. പുറത്താക്കിയവരിൽ
ഡോക്ടർമാർ, ഹൗസ് സ്റ്റാഫ്, ഇന്റേണുകൾ എന്നിവരുണ്ട്. 2021-2024 കാലത്ത് ആർ.ജി. കർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത ആശിഷ് പാണ്ഡെയും ഇവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പുറത്താക്കാൻ ശനിയാഴ്ച ചേർന്ന കോളേജ് കൗൺസിൽ മീറ്റിംഗിൽ തീരുമാനിക്കുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഇവരെ കൂടാതെ 49 പേർക്കെതിരെ അന്വേഷണം നടത്താനുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്. വനിതാ ഡോക്ടറുടെ മരണത്തിനുപിന്നാലെ ക്യാമ്പസിലെ ഭീഷണി സംസ്‌കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെയും ജൂനിയർ ഡോക്ടർമാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്.
അതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടിയും ഡോക്ടർമാരുടെ സുരക്ഷയ്ക്ക് നടപടി ആവശ്യപ്പെട്ടും മമത സർക്കാർ 24 മണിക്കൂറിനുള്ളിൽ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടും ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |